അമ്മ ദിലീപിനെ പുറത്താക്കി, പിന്തുണ ഞങ്ങളുടെ സഹോദരിക്കാണെന്ന് സംഘടന

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മ പുറത്താക്കി. ട്രഷറര്‍ സ്ഥാനത്ത് നിന്ന് നീക്കുകയും സംഘടനയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. കടവന്ത്രയില്‍ മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്ന അടിയന്തര എക്‌സിക്യുട്ടീവിലാണ് തീരുമാനം.
പ്രസിഡന്റ് ഇന്നസെന്റ് ചികിത്സയില്‍ ആയതിനാല്‍ ജനറല്‍ സെക്രട്ടറി മമ്മൂട്ടിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. വൈസ് പ്രസിഡന്റ് മോഹന്‍ലാല്‍ തന്റെ നിലപാട് രാവിലെ തന്നെ മമ്മൂട്ടിയെ അറിയിച്ചിരുന്നു. ദിലീപിനെ പുറത്താക്കണമെന്ന നിലപാടാണ് യോഗം തുടങ്ങിയത് മുതല്‍ ജനറല്‍ സെക്രട്ടറി മമ്മൂട്ടി,മോഹന്‍ലാല്‍,പൃഥ്വിരാജ്, കലാഭവന് ഷാജോണ് രമ്യാ നമ്പീശന്‍ തുടങ്ങിയവരും സ്വീകരിച്ചത്.
സസ്‌പെന്‍ഷനാണോ പുറത്താക്കലാണോ വേണ്ടതെന്ന നിലയിലേക്ക് ചര്‍ച്ച പോയിരുന്നെങ്കിലും പുറത്താക്കുകയാണ് വേണ്ടതെന്ന് പൃഥ്വിരാജും ആസിഫലിയും രമ്യാ നമ്പീശനും ആവശ്യപ്പെട്ടു. മോഹന്‍ലാലും മമ്മൂട്ടിയും ഇക്കാര്യം ഇതേ നിലപാടാണ് സ്വീകരിച്ചത്. ദിലീപിനെ പുറത്താക്കിയില്ലെങ്കില്‍ സംഘടന വിടുന്നതടക്കമുള്ള കാര്യങ്ങള്‍ പൃഥ്വിരാജ് തീരുമാനിച്ചിരുന്നു. അമ്മയില്‍ നിലപാട് വ്യക്തമാക്കുമെന്നും ഉള്‍ക്കൊള്ളാനാകാത്ത തീരുമാനമാണെങ്കില്‍ മാധ്യമങ്ങളോട് സംസാരിക്കുമെന്നുമായിരുന്നു പൃഥ്വിയുടെ നിലപാട്. ദിലീപിനെ പുറത്താക്കണമെന്നാണ് ആവശ്യമെന്നും ഇത് യോഗത്തില്‍ പറയുമെന്നും എക്‌സിക്യുട്ടീവില്‍ പങ്കെടുക്കുന്നതിന് മുന്‍പ് ആസിഫലി വ്യക്തമാക്കിയിരുന്നു. സമാന നിലപാട് തന്നെയാണ് രമ്യാ നമ്പീശനും സ്വീകരിച്ചത്.

© 2024 Live Kerala News. All Rights Reserved.