അമര്‍നാഥില്‍ തീര്‍ത്ഥാടകര്‍ക്കുനേരെ ഭീകരാക്രമണം; ഏഴ് പേര്‍ കൊല്ലപ്പെട്ടു; ആക്രമണത്തിനു പിന്നില്‍ ലഷ്കര്‍ തീവ്രവാദികളെന്ന് ജമ്മു പൊലീസ്

ശ്രീനഗര്‍: അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കുനേരെ ഭീകരാക്രമം. ആക്രമണത്തില്‍ അഞ്ച് സ്ത്രീകളടക്കം ഏഴുപേര്‍ കൊല്ലപ്പെട്ടു. പത്തൊമ്പത് പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന് പിന്നില്‍ ലഷ്കര്‍-ഇ തൊയ്ബ പ്രവര്‍ത്തകരാണെന്ന് ജമ്മു കശ്മീര്‍ പൊലീസ് പറഞ്ഞു. പാക് തീവ്രവാദി അബു ഇസ്മയിലാണ് ആക്രമണത്തിന്‍റെ സൂത്രധാരനെന്നാണ് പൊലീസ് നിഗമനം.
ഇന്നലെ രാത്രി 8.30 ഓടെ പൊലീസ് വാഹനത്തിന് നേരെയാണ് തീവ്രവാദികള്‍ ആദ്യം വെടിയുതിര്‍ത്തത്. തുടര്‍ന്ന് പൊലീസും തീവ്രവാദികളും തമ്മില്‍ പരസ്പരം ഏറ്റുമുട്ടി. ഈ സമയം അമര്‍നാഥില്‍ നിന്നുള്ള തീര്‍ത്ഥാടകരെയും വഹിച്ചു വന്ന ബസ്സിനു നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.
രാത്രി ഏഴുമണിയ്ക്ക് ശേഷം തീര്‍ത്ഥാടകരുമായി സഞ്ചരിക്കരുത് എന്ന നിയമം ബസ് ഡ്രൈവര്‍ ലംഘിച്ചതായി പൊലീസ് പറഞ്ഞു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ഇന്ന് യോഗം വിളിച്ചു. സമാധാനപൂര്‍ണമായി തീര്‍ത്ഥയാത്ര നടത്തിയവര്‍ക്ക് നേരെയുണ്ടായ ആക്രമണം ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും വിഷയത്തില്‍ കടുത്ത നടപടിയുണ്ടാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രതികരിച്ചു. അമര്‍നാഥില്‍ ഭീകരര്‍ ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്ന് രഹസ്യന്വേഷ വിഭാഗം പൊലീസിന് ജൂണ്‍ 25ന് വിവരം നല്‍കിയിരുന്നു. 100 മുതല്‍ 200 വരെ ഭക്തരെയും പൊലീസുദ്യേഗസ്ഥെരെയും വധിക്കാന്‍ ഭീകര്‍ പദ്ധതിയിടുകയാണെന്നായിരുന്നു രഹസ്യാന്വേഷണ വിഭാഗം കൈമാറിയ റിപ്പോര്‍ട്ട്.
കശ്മീരിന്റെ മൂല്യങ്ങള്‍ക്കും പാരമ്പര്യത്തിനും നേരെയുള്ള കടന്നാക്രമണമാണ് ഇന്നലെയുണ്ടായതെന്ന് കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പ്രതികരിച്ചു.

© 2024 Live Kerala News. All Rights Reserved.