ജയില്‍ ഉദ്യോഗസ്ഥനുനേരെ ടിപി വധക്കേസ് പ്രതിയുടെ കയ്യേറ്റം; പൊലീസ് കേസെടുത്തു

തിരുവനന്തപുരം: പൂജപ്പുജ സെന്‍ട്രല്‍ ജയിലില്‍ ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറെ പിടിച്ചുതള്ളി ഭീക്ഷണിപ്പെടുത്തിയ സംഭവത്തില്‍ പൂജപ്പുര പൊലീസ് കേസെടുത്തു. ടിപി കേസിലെ പ്രതി റഫീക്കിനെതിരെ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ അനൂപിന്റെ പരാതിയിലാണു കേസെടുത്തത്. പ്രതിയുടെ അറസ്റ്റു രേഖപ്പെടുത്താന്‍ കോടതിയില്‍ തിങ്കളാഴ്ച അപേക്ഷ നല്‍കുമെന്ന് പൂജപ്പുര പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം ജയില്‍ ടവറില്‍ ടെലിഫോണ്‍ ഡ്യൂട്ടിയിലായിരുന്ന തന്റെ ജോലി തടസ്സപ്പെടുത്തുകയും പിടിച്ചുതള്ളി അസഭ്യം പറഞ്ഞശേഷം മര്‍ഡ്ഡിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് അനൂപിന്റെ പരാതി. ഫോണ്‍ വിളിക്കാന്‍ എത്തിയ റഫീക്ക് നമ്പര്‍ നല്‍കിയശേഷം മറ്റൊരു നമ്പറിലേക്ക് വിളിക്കാന്‍ ശ്രമിച്ചത് തടഞ്ഞതിനാണ് പിടിച്ചുതള്ളിയതെന്നും പരാതിയില്‍ പറയുന്നു. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
തൊട്ടുപിന്നാലെ തടവുകാരെ ഉച്ചഭക്ഷണത്തിനായി പുറത്തിറക്കിയപ്പോള്‍ ടിപി കേസിലെ മറ്റൊരു പ്രതി അണ്ണന്‍ സിജിത്തിന്റെ നേതൃത്വത്തില്‍ റഫീക്കും ഏതാനും തടവുകാരും ടവറിനു സമീപം അനൂപിനെ തടഞ്ഞുനിര്‍ത്തി ഭീശണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. ജയില്‍ ഡപ്യൂട്ടി സുപ്രണ്ടാണ് പരാതി പൂജപ്പുര പൊലീസ് പൊലീസിന് കൈമാറിയത്. ടിപി കേസിലെ പ്രതികള്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നു. ഇതോടെ ഇവരെ വിചാരണത്തടവുകാരെ പാര്‍പ്പിക്കുന്ന പ്രത്യേക സെല്ലിലേക്കു മാറ്റിയിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണത്തില്‍ വന്ന ശേഷം ടിപി കേസിലെ പ്രതികള്‍ക്ക് പ്രത്യേക സൗകര്യങ്ങളാണ് ജയിലില്‍ ലഭിക്കുന്നതെന്ന് നേരത്തേ പരാതിയുയര്‍ന്നിരുന്നു.

© 2024 Live Kerala News. All Rights Reserved.