‘ലൗ ജിഹാദ് ഉണ്ട്’; ആര്‍എസ്എസ് അനുകൂല പ്രസ്താവനയുമായി സെന്‍കുമാര്‍ വീണ്ടും

തിരുവനന്തപുരം: ആര്‍എസ്എസ് അനുകൂല പ്രസ്താവനയുമായി മുന്‍ പൊലീസ് മേധാവി ടിപി സെന്‍കുമാര്‍സെന്‍കുമാര്‍ വീണ്ടും രംഗത്ത്. ആര്‍എസ്എസ് ഇന്ത്യയ്ക്ക് അകത്തുള്ള സംഘടനയാണെന്ന് സെന്‍കുമാര്‍ പറഞ്ഞു. ഓരോ മതത്തിലെയും തീവ്രവാദം അതാത് മതങ്ങളിലുള്ളവര്‍ നിയന്ത്രിക്കണം. ലൗ ജിഹാദ് ഇല്ലെന്ന് പറയുന്നത് ശരിയല്ല.
പ്രണയിക്കുന്നത് ഒരാളെ വിവാഹം കഴിക്കുന്നത് മറ്റൊരാളെ എന്ന സാഹചര്യമുണ്ട്. അഫ്ഗാനില്‍ പോയ പെണ്‍കുട്ടി പ്രണയിച്ചത് ഒരാളെയും കല്യാണം കഴിച്ചത് വേറൊരാളെയുമാണ്. സ്‌നേഹത്തിന് അപ്പുറത്ത് മറ്റെന്തോ ഉണ്ടെന്നതില്‍ സംശയമില്ല. താന്‍ ആര്‍ക്കെതിരെയും ഒരു പ്രസ്താവനയും നടത്തിയിട്ടില്ല.
തല്‍ക്കാലം ഒരു പാര്‍ട്ടിയിലേക്കുമില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു. ആര്‍എസ്എസിനേയും ഇസ്ലാമിക് സ്റ്റേറ്റിനെയും താരതമ്യം ചെയ്യാനാകില്ല എന്ന സെന്‍കുമാറിന്റെ പരാമര്‍ശം വിവാദമായിരുന്നു. മുന്‍ പൊലീസ് മേധാവി സമകാലികമലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിവാദ പ്രസ്താവന.
മതതീവ്രവാദമെന്നു പറയുമ്പോള്‍ ആര്‍എസ്എസ് ഇല്ലേ എന്നു ചോദിക്കുന്നതില്‍ കാര്യമില്ലെന്ന് സെന്‍കുമാര്‍ പറഞ്ഞു. ഐഎസും ആര്‍എസ്എസും തമ്മില്‍ ഒരു താരതമ്യവുമില്ല. ഒരു മുസ്ലിമിന് സ്വര്‍ഗ്ഗത്തില്‍ പോകണമെങ്കില്‍ ജിഹാദ് നടത്തിയേ പറ്റൂ എന്ന് പഠിപ്പിക്കുകയും ആ ജിഹാദ് എന്നത് മറ്റുള്ള മതക്കാരെ മുസ്ലിമാക്കുകയും അമുസ്ലീങ്ങളെ കൊന്നുകളയുകയുമാണ് എന്നും പറയുന്നിടത്താണ് പ്രശ്നം വരുന്നതെന്നും സെന്‍കുമാര്‍ പറഞ്ഞു.
കേരളത്തില്‍ മുസ്ലീം കുട്ടികളുടെ എണ്ണം വര്‍ധിക്കുകയാണെന്ന് പറഞ്ഞ സെന്‍കുമാര്‍ അതില്‍ ആശങ്കയും പ്രകടിപ്പിച്ചു.കേരളത്തിലെ ഇപ്പോഴത്തെ ജനസംഖ്യാഘടന നോക്കിയാല്‍ നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ 42 മുസ്ലിം കുട്ടികളാണ്. മുസ്ലിം ജനസംഖ്യ 27 ശതമാനമാണ്. 54 ശതമാനമുള്ള ഹിന്ദുക്കളുടെ ജനന നിരക്ക് 48 ശതമാനത്തില്‍ താഴെയാണ്. 19.5 ശതമാനമുള്ള ക്രിസ്ത്യാനികളുടെ ജനന നിരക്ക് 15 ശതമാനം. ഭാവിയില്‍ വരാന്‍ പോകുന്നത് ഏത് രീതിയിലുള്ള മാറ്റമായിരിക്കുമെന്നും സെന്‍കുമാര്‍ ചോദിച്ചു.

© 2024 Live Kerala News. All Rights Reserved.