വളം സബ്‌സിഡി ജനുവരി മുതല്‍ അക്കൗണ്ടിലേക്ക്; എതിര്‍പ്പുമായി കാര്‍ഷിക മന്ത്രാലയം

ന്യൂഡല്‍ഹി: വളത്തിനായി കര്‍ഷകര്‍ക്ക് നല്‍കുന്ന സബ്‌സിഡി തുക ബാങ്ക് അക്കൗണ്ടിലേക്ക് എത്തിക്കുന്ന സംവിധാനം ജനുവരി ഒന്ന് മുതല്‍ നടപ്പാക്കും. ഏപ്രില്‍ ഒന്ന് വരെ നീട്ടണമെന്ന് കൃഷി മന്ത്രാലയത്തിന്റെ ആവശ്യം പ്രധാനമന്ത്രിയുടെ ഓഫീസ് തളളി.
ജനുവരി ഒന്നു മുതല്‍ വളം സബ്‌സിഡി അക്കൗണ്ടില്‍ നല്‍കണമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. അടിസ്ഥാന സൗകര്യങ്ങളുടെ കുറവാണ് ജനുവരിയില്‍ തന്നെ സബ്‌സിഡി ബാങ്ക് വഴിയാക്കുന്നതിന് തടസ്സമായി കൃഷിമന്ത്രാലയം ചൂണ്ടിക്കാട്ടിയത്. സാങ്കേതിത തടസ്സവും പണരഹിത ഇടപാടിലേക്ക് മാറുമ്പോഴുണ്ടാകുന്ന യന്ത്രലഭ്യതക്കുറവും തടസ്സമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
സബ്‌സിഡി ബാങ്ക് അക്കൗണ്ടിലേക്ക് എത്തിക്കുന്ന സംവിധാനം ഈ വര്‍ഷം ഒക്ടോബറില്‍ തുടങ്ങുമെന്നായിരുന്നു മുമ്പ് പറഞ്ഞിരുന്നത്. 14 കോടി കര്‍ഷകര്‍ വര്‍ഷത്തില്‍ അഞ്ച് തവണ വീതം വളം സബ്‌സിഡിയായി വാങ്ങുന്നുണ്ട്. ഏകദേശം 70 കോടി ഓണ്‍ലൈന്‍ ഇടപാടുകളാണ് വര്‍ഷത്തില്‍ നടപ്പാക്കേണ്ടത്. ഇതിനായുളള സാങ്കേതികമായ അടിസ്ഥാന സൗകര്യങ്ങള്‍ ഇപ്പോഴില്ല. കര്‍ഷകരുടെ ബയോമെട്രിക് വിവരങ്ങള്‍ അടക്കം പൂര്‍ണമായി വിവരശേഖരണം നടത്തേണ്ടതുണ്ട്.

© 2024 Live Kerala News. All Rights Reserved.