മൂന്നാര്‍ ഉള്‍പ്പടെയുള്ള വിഷയങ്ങളിലെ സിപിഐയുടെ പരസ്യപ്രസ്താവനകള്‍ക്കെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഐ നേതാക്കളുടെ വിവാദപ്രസ്താവനകള്‍ മുന്നണി ബന്ധങ്ങള്‍ വഷളാക്കുകയാണ്. സിപിഐ ആത്മപരിശോധനയ്ക്ക് തയാറാകണം. വിശാല ഇടത് ഐക്യം മുന്‍നിര്‍ത്തിയാണ് സിപിഐഎം വിവാദ പ്രസ്താവനകള്‍ക്ക് മറുപടി നല്‍കാത്തത്. സിപിഐെമ്മിന് ഈഗോയില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മനോരമ ന്യൂസ് ചാനലിലെ നേരെ ചൊവ്വേ പരിപാടിയില്‍ വിവാദ വിഷയങ്ങളില്‍ നിപാട് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം.
മൂന്നാര്‍ വിഷയത്തില്‍ സിപിഎമ്മാണ് ശരിയെന്നതിന്റെ തെളിവാണ് സിപിഐയുടെ പ്രാദേശിക നേതാക്കള്‍ പോലും സ്വന്തം പാര്‍ട്ടിയുടെ നിലപാടിനെ തള്ളിപ്പറഞ്ഞത്. എല്ലാ പാര്‍ട്ടിയുടെയും നേതാക്കള്‍ ഒന്നിച്ചാണ് മുഖ്യമന്ത്രിയെ കണ്ടത്. അതനുസരിച്ചാണ് തീരുമാനങ്ങള്‍ എടുത്തിട്ടുള്ളത്.
കയ്യേറ്റം ഒഴിപ്പിക്കല്‍ സംബന്ധിച്ച എല്ലാ കോടതി വിധികളും സര്‍ക്കാര്‍ പാലിക്കും. നിയമാനുസൃതമായ വഴികളില്‍ കൂടി എല്ലാ കയ്യേറ്റവും ഒഴിപ്പിക്കണം എന്ന് തന്നെയാണ് സര്‍ക്കാര്‍ നിലപാടെന്നും കോടിയേരി പറഞ്ഞു.
വിട്ടുപോയ ഘടകകക്ഷികളെ ഉൾപ്പെടുത്തി ഇടതുമുന്നണി വിപുലീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജെഡിയുവിനും ആർഎസ്പിക്കും തിരിച്ച് മുന്നണിയിലേക്ക് വരുന്ന കാര്യം പുനഃപരിശോധന നടത്താമെന്നും കോടിയേരി പറഞ്ഞു.
എന്നാല്‍ കേരള കോണ്‍ഗ്രസ് എമ്മിനെ ഇടത് മുന്നണിയില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം എല്‍ഡിഎഫ് എടുത്തിട്ടില്ലെന്ന് കോടിയേരി വ്യക്തമാക്കി. ഇക്കാര്യത്തില്‍ എല്‍ഡിഎഫ് ചര്‍ച്ച ചെയ്ത് നിലപാട് എടുക്കണം.
ഐക്യജനാധിപത്യ മുന്നണിക്ക് ഇന്നത്തെ നിലയില്‍ തുടരാനാകാത്ത സ്ഥിതിയാണ് വരാന്‍ പോകുന്നത്. അത് തിരിച്ചറിഞ്ഞതാണ് യുഡിഎഫ് വിടാന്‍ കേരള കോണ്‍ഗ്രസ് എമ്മിനെ പ്രേരിപ്പിച്ചത്. എന്നാല്‍ കേരള കോണ്‍ഗ്രസ് എമ്മിനെ എല്‍ഡിഎഫില്‍ എടുക്കേണ്ടത് സംബന്ധിച്ച് ഒരു തീരുമാനം എടുത്തിട്ടില്ല. ഇടത് മുന്നണി ഇക്കാര്യത്തില്‍ ചര്‍ച്ച ചെയ്ത് ഒരു നിലപാട് എടുക്കേണ്ടതുണ്ട് എന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.