പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാന്‍ അനുവദിക്കില്ലെന്ന് രാജകുടുംബം; ‘ദേവഹിതത്തിന് എതിര്’

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാന്‍ അനുവദിക്കില്ലെന്ന് തിരുവതാംകൂര്‍ രാജകുടുംബം. നിലവറ തുറക്കുന്നതില്‍ രാജകുടുംബത്തിന് അതൃപ്തിയുണ്ടെന്ന് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി പറഞ്ഞു. ബി നിലവറ തുറക്കുന്നത് ദേവഹിതത്തിന് എതിരാണ്. കേസ് പരിഗണിക്കുമ്പോള്‍ സുപ്രീം കോടതിയില്‍ നിലപാട് അറിയിക്കുമെന്നും അശ്വതി തിരനാള്‍ വ്യക്തമാക്കി.
മുമ്പ് തുറന്നിട്ടുളളത് ബി നിലവറയല്ലെന്നും അശ്വതി തിരുനാള്‍ പറഞ്ഞു. മുമ്പ് തുറന്നിട്ടുള്ളത് ബി നിലവറയുടെ പൂമുഖമായ ചെറിയ അറയാണ്. രാജകുടുംബത്തിലെ ഇപ്പോഴത്തെ തലമുറയ്ക്ക് ബി നിലവറ തുറന്നതായി അറിവില്ലെന്നും അശ്വതി തിരുനാള്‍ കൂട്ടിച്ചേര്‍ത്തു.
ബി നിലവറയില്‍ ഉണ്ടെന്ന് കരുതുന്ന വെള്ളിശേഖരത്തില്‍ നിന്നെടിത്താണ് തിരുവമ്പാടി ക്ഷേത്രത്തില്‍ വെള്ളി പൂശിയതെന്ന വാദം രാജ കുടുംബം അംഗീകരിക്കുന്നില്ല. നിലവറ തുറക്കുമ്പോള്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അതിന് രാജകുടുംബം ഉത്തരവാദികളായിരിക്കില്ലെന്നും ഗൗരി ലക്ഷി ഭായി പറഞ്ഞു.
ബി നിലവറ തുറക്കണമെന്നും തുറന്നാല്‍ ആരുടെയും വികാരം വ്രണപ്പെടില്ലെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു. ബി നിലവറ തുറന്നില്ലെങ്കില്‍ അനാവശ്യ സംശയങ്ങള്‍ക്ക് വഴിവെക്കും. ഇതുമായി ബന്ധപ്പെട്ട് അമിക്കസ്‌ക്യൂറി രാജകുടുംബത്തിന്റെ യോഗം വിളിച്ച് അഭിപ്രായം ആരായണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി. ചീഫ് ജസ്റ്റിസിന്റെ അദ്ധ്യക്ഷതയിലുള്ള ബെഞ്ചാണ് നിലവറ തുറക്കാന്‍ ആവശ്യപ്പെട്ടത്.
ബി നിലവറ വിവിധ കാലത്തായി ഏഴുതവണ തുറന്നിട്ടുണ്ടെന്ന് മുന്‍ സിഎജി വിനോദ് റായി കണ്ടെത്തിയിരുന്നു. ബി നിലവറയില്‍ അമൂല്യമായ വെള്ളിശേഖരമുണ്ടെന്നാണ് അനുമാനം.

© 2024 Live Kerala News. All Rights Reserved.