ഇന്ത്യ-ചൈന തര്‍ക്കം നിലനില്‍ക്കെ മോഡി-ഷി ജിന്‍ പിങ് കൂടിക്കാഴ്ച; പരസ്പരം അഭിവാദ്യം ചെയ്ത് നേതാക്കള്‍; ജി-20 ഉച്ചകോടി ശ്രദ്ധാകേന്ദ്രം

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങുമായി കൂടിക്കാഴ്ച നടത്തി. ജര്‍മ്മനിയിലെ ഹാംബര്‍ഗില്‍ ജി-20 ഉച്ചകോടിക്കായി എത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച. അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇരുവരും ഉഭയകക്ഷി ചര്‍ച്ച നടത്തില്ലെന്ന ഔദ്യോഗിക പ്രഖ്യാപനത്തിനു പിന്നാലെയാണ്, ബ്രിക്‌സ് രാജ്യങ്ങളുടെ അനൗദ്യോഗിക യോഗത്തിനിടെ മോഡിയും ചിന്‍പിങ്ങും കണ്ടുമുട്ടിയത്.
കൂടിക്കാഴ്ചയില്‍ ഇരുവരും ചില പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി ഇന്ത്യന്‍ വിദേശകാര്യ വക്താവ് ഗോപാല്‍ ബാഗ്‌ലെ ട്വീറ്റ് ചെയ്തു. എന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തിയിലെ തര്‍ക്കവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചര്‍ച്ച നടന്നോ കാര്യം വ്യക്തമല്ല.
ബ്രിക്‌സ് രാജ്യങ്ങളുടെ നേതാക്കള്‍ നടത്തിയ അനൗദ്യോഗിക കൂടിക്കാഴ്ചയ്ക്കിടെ, ചൈനീസ് പ്രസിഡന്റും ഇന്ത്യന്‍ പ്രധാനമന്ത്രിയും പരസ്പരം പുകഴ്ത്തി സംസാരിച്ചതും ശ്രദ്ധേയമായി. ഭീകരവാദത്തിനെതിരെ അതിശക്തമായ നിലപാട് സ്വീകരിക്കുന്നതിന്റെ പേരിലാണ് ചൈനീസ് പ്രസിഡന്റ് ഇന്ത്യയെ പുകഴ്ത്തിയത്. ബ്രിക്‌സ് കൂട്ടായ്മയെ ഏറ്റവും ഊര്‍ജസ്വലമായി മുന്നോട്ടുകൊണ്ടുപോകാന്‍ ഇന്ത്യ മുന്‍കൈ എടുക്കുന്നതിനെയും ചൈനീസ് പ്രസിഡന്റ് പ്രശംസിച്ചു. തുടര്‍ന്ന് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി, അടുത്ത ബ്രിക്‌സ് ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുന്ന ചൈനയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേര്‍ന്നു. ബ്രിക്‌സ് കൂട്ടായ്മയുടെ മുന്നേറ്റത്തില്‍ ചൈനയുടെ സംഭാവനകള്‍ മറക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഭൂട്ടാന്‍, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളുടെ അതിര്‍ത്തി പങ്കിടുന്ന ഡോക്് ലാമില്‍ മൂന്നാഴ്ചയായി ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങള്‍ നേര്‍ക്കുനേര്‍ നില്‍ക്കുകയാണ്. അതിര്‍ത്തി മേഖലയില്‍ റോഡ് നിര്‍മിച്ചും ഇന്ത്യയില്‍നിന്നുള്ള തീര്‍ഥാടകരെ തടഞ്ഞും ചൈന പ്രകോപനം സൃഷ്ടിച്ചതോടെയാണു പ്രശ്‌നം രൂക്ഷമായത്. ഇന്ത്യയുടെ ബങ്കറുകള്‍ അവര്‍ ആക്രമിക്കുകകൂടി ചെയ്തതോടെ ഇന്ത്യ ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.