‘തിങ്കളാഴ്ച മുതല്‍ കോഴിയിറച്ചി 87 രൂപയ്ക്ക് വില്‍ക്കണം, അല്ലെങ്കില്‍ ജനം ഇടപെടണം’; വില കൂടുതല്‍ വാങ്ങിയാല്‍ കടുത്ത നടപടിയെന്ന് ധനമന്ത്രി തോമസ് ഐസക്ക്

ജിഎസ്ടി നടപ്പാക്കിയതോടെ സംസ്ഥാനത്ത് പല സാധനങ്ങള്‍ക്കും വില കുറഞ്ഞെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സപ്ലൈകോ സ്ഥാപനങ്ങളില്‍ 52 സാധനങ്ങളുടെ വില കുറച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജിഎസ്ടി പ്രാബല്യത്തില്‍ വന്നിട്ടും കോഴിയിറച്ചിക്ക് വില കൂടുതല്‍ വാങ്ങുന്നതിലും സര്‍ക്കാര്‍ ഇടപെടമെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച മുതല്‍ കോഴിയിറച്ചി 87 രൂപയ്ക്ക് വില്‍ക്കണം അല്ലെങ്കില്‍ ജനം ഇടപെടണം.
കോഴി നികുതി പൂര്‍ണായും ഇല്ലാതായിട്ടും വില വര്‍ദ്ധിക്കുകയാണ് ചെയ്തതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ജി.എസ്.ടി നടപ്പിലാകുന്നതിന്റെ തൊട്ടുമുമ്പ് ലൈവ് ചിക്കന്റെ വില 14.5 രൂപ നികുതിയടക്കം 103 രൂപയായിരുന്നു. ഇതില്‍ 15 രൂപ നികുതിയായിരുന്നു. അതു കിഴിച്ചാല്‍ 88 രൂപയാണ് വില. ഈ വിലയ്ക്ക് ലൈവ് ചിക്കന്‍ ലഭ്യമാക്കണം എന്നതാണ് സര്‍ക്കാര്‍ നിലപാട്. തിങ്കളാഴ്ച മുതല്‍ ഈ വില നിലവില്‍ വരുന്നില്ലെങ്കില്‍ സര്‍ക്കാര്‍ കര്‍ശനനിലപാട് സ്വീകരിക്കുമെന്ന വിവരം കോഴി വ്യാപാരികളെ അറിയിച്ചിട്ടുണ്ടെന്നും തോമസ് ഐസക് ഫെയ്‌സ് പോസ്റ്റിലൂടെ വ്യക്തമാക്കി.
ജിഎസ്ടിയുടെ പേരില്‍ വില കൂട്ടാന്‍ അനുവദിക്കില്ല. കൊളളലാഭം ഇതിന്റെ പേരില്‍ ഈടാക്കിയാല്‍ നടപടി എടുക്കും. പരമാവധി വില്‍പ്പന വിലയെക്കാള്‍ ഒരു പൈസ പോലും അധികം നല്‍കരുത്. സിനിമ ടിക്കറ്റിന് വില കൂട്ടുന്നത് തോന്നാസ്യമാണ് തിരുത്തണം. എംആര്‍പിയില്‍ കൂടുതല്‍ വിലയ്ക്ക് വില്‍ക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.