ഡിജിറ്റല്‍ ഇടപാട്: പണം നഷ്ടമായാല്‍ മൂന്ന് ദിവസത്തിനകം ബാങ്കിനെ അറിയിക്കുക; ഇടപാടുകാരന്റെ ബാധ്യത ഒഴിവാകുമെന്ന് ആര്‍ബിഐ

മുംബൈ: അക്കൗണ്ടില്‍ നിന്ന് അനധികൃത ഇലക്ട്രോണിക് പണമിടപാട് നടന്നാല്‍ മൂന്നുദിവത്തിനകം വിവരമറിയിച്ചാല്‍ ഇടപാടുകാരന് ബാധ്യത ഒഴിവാകുമെന്ന് ആര്‍ബിഐ. വിവരം ഉടന്‍ അറിയിച്ചാല്‍ പത്ത് ദിവസത്തിനകം പണം അക്കൗണ്ടില്‍ തിരികെയെത്തുമെന്നും ആര്‍ബിഐ വ്യക്തമാക്കി.ഡിജിറ്റല്‍ പണമിടപാടുമായി ബന്ധപ്പെട്ട തട്ടിപ്പ് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് റിസര്‍വ്വ് ബാങ്ക് പുതിയ ഉത്തരവിറക്കിയത്.
ഇടപാടുകാരന്‍ പാസ് വേര്‍ഡ് കൈമാറ്റം ചെയ്ത് പണം നഷ്ടമായാല്‍ വിവരം ബാങ്കിനെ അറിയിക്കുന്നതുവരെ അക്കൗണ്ട് ഉടമ്ക്കും ഇതില്‍ ഉത്തരവാദിത്തം ഉണ്ടാകുമെന്ന് ആര്‍ബിഐ അറിയിച്ചു. വിവരം ബാങ്കിനെ അറിയിച്ച ശേഷവും പണം നഷ്ടമായാല്‍ ഉത്തരവാദിത്തം പൂര്‍ണമായും ബാങ്കിനായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
ബാങ്കിന്റേയോ പണമിടപാട് കൈകാര്യം ചെയ്യുന്ന മൂന്നാം കക്ഷിയുടെയോ ഭാഗത്തുനിന്നാണ് വീഴ്ച്ചയുണ്ടായതെങ്കില്‍ അതില്‍ ഇടപാടുകാരന് ഉത്തരവാദിത്തം ഉണ്ടാകില്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. നാലു ദിവസം കഴിഞ്ഞാണ് വിവര അറിയിക്കുന്നതെങ്കില്‍ ബാങ്കിനും ഇടപാടുകാരനും ബാധ്യത ഉണ്ടാകും. ഇതില്‍ ഇടപാടുകാരന്റെ ബാധ്യത 25000ത്തില്‍ കൂടില്ല. ഒരാഴ്ച്ച കഴിഞ്ഞാണ് വിവരമറിയിക്കുന്നതെങ്കില്‍ ബാങ്കിന്റെ നയമനുസരിച്ച് ബാധ്യത നിര്‍ണയിക്കാം.
ഇടപാടുകാരന് ഉത്തരവാദിത്തമില്ലാത്ത തട്ടിപ്പുകളില്‍ ഇന്‍ഷുറന്‍സ് തുക കിട്ടാതെ തന്നെ പത്തുദിവസത്തിനകം പണം തിരിച്ചു നല്‍കണമെന്നും റിസര്‍വ്വ് ബാങ്ക് അറിയിച്ചു. ഡിജിറ്റല്‍ പണമിടപാടുകള്‍ എസ്എംഎസ് മുഖേന ഇടപാടുകാരനെ അറിയിക്കണമെന്നും നിര്‍ബന്ധമുണ്ട്.

© 2024 Live Kerala News. All Rights Reserved.