മതവിദ്വേഷം കലര്‍ന്ന ഫെയ്സ്ബുക്ക് പോസ്റ്റ്; ബംഗാളില്‍ വീണ്ടും സംഘര്‍ഷം; തൃണമൂല്‍ എംഎല്‍എയെ തെരഞ്ഞും ആക്രമണം; ലാത്തി ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്ക്

മതവിദ്വേഷം കലര്‍ന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിനെത്തുടര്‍ന്ന് പശ്ചിമ ബംഗാള്‍ നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയിലുണ്ടായ സംഘര്‍ഷം വീണ്ടും ശക്തിപ്പെടുന്നു. തിങ്കളാഴ്ച്ച നടന്ന സംഘര്‍ഷത്തില്‍ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകന്‍ മരിച്ചതിന് പിന്നാലെയാണ് വീണ്ടും ആക്രണം പൊട്ടിപുറപ്പെട്ടത്.
കൊല്‍ക്കത്തയില്‍ നിന്നും കിലോമീറ്റര്‍ അകലെയുള്ള 24 പര്‍ഗനാസ് ജില്ലയിലെ ബാസിര്‍ഹത്തില്‍ ഇന്നലെ പൊലീസും ജനക്കൂട്ടവും തമ്മിലുണ്ടായ സംഘര്‍ഷത്തിനൊടുവില്‍ പൊലീസ് ലാത്തി ചാര്‍ജ്ജ് നടത്തി. പ്രദേശത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുകയാണ്. ഹിന്ദുക്കളെ മാത്രം പൊലീസ് അറസ്റ്റ് ചെയ്യുന്നു എന്ന് ആരോപിച്ചാണ് ഒരു വിഭാഗം ആള്‍ക്കാര്‍ പ്രക്ഷോഭവുമായെത്തിയത്. പ്രധാനപാതകള്‍ ജനക്കൂട്ടം കയ്യേറിയിരിക്കുകയാണ്. ബിഎസ്എഫ് ഇവരെ മാറ്റാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിട്ടില്ല.
ബാസിര്‍ഹത്തിലെ പ്രധാനപാതയില്‍ മൂന്ന് കിലോമീറ്ററോളം ദൂരം സ്ത്രീകളടങ്ങുന്ന ജനക്കൂട്ടം വാഹനങ്ങള്‍ തടഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രദേശത്തെ എംഎല്‍എയായ തൃണമൂല്‍ നേതാവ് ദിബ്യേന്ദു ബിശ്വാസ്, പൊലീസിന് ഹിന്ദുവിശ്വാസികളുടെ വീടുകള്‍ കാണിച്ചു കൊടുത്തു എന്ന് ആരോപിച്ച് ജനക്കൂട്ടം കാറുകളുടെ ടയര്‍ കത്തിച്ചു. ബിശ്വാസിനെ കണ്ടെത്തുന്നതിനായി ജനക്കൂട്ടം കാറുകള്‍ തെരഞ്ഞതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പൊലീസ് വാഹനങ്ങള്‍ക്ക് നേരെയും കല്ലേറുണ്ടായി.
ഞാറാഴ്ച്ച 24 പര്‍ഗനാസ് സ്വദേശിയായ 17കാരന്‍ വിദ്യാര്‍ത്ഥി ഫെയ്സ്ബുക്കില്‍ കുറിച്ച പോസ്റ്റിന് പിന്നാലെയാണ് സംഘര്‍ഷം ഉടലെടുത്തത്. പ്രവാചകനെ അധിക്ഷേപിക്കുന്ന പോസ്റ്റാണെന്ന ആരോപണത്തെ തുടര്‍ന്ന് ഹിന്ദു മതവിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥിയെ ഞായറാഴ്ച്ച തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഈ വിദ്യാര്‍ത്ഥി ഇപ്പോള്‍ റിമാന്‍ഡിലാണ്. തിങ്കളാഴ്ച്ച ബാദുരിയയില്‍ പോസ്റ്റിനെ ചൊല്ലി ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷം ആരംഭിച്ചു. ജനക്കൂട്ടം പൊലീസ് വാഹനങ്ങള്‍ക്ക് നേരെ കല്ലേറിഞ്ഞു. ബോബേറ് നടന്നതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റോഡുകളും റെയില്‍വേ ട്രാക്കുകളും തടഞ്ഞു.
പൊലീസുമായുള്ള സംഘര്‍ഷത്തില്‍ 21 പേര്‍ക്ക് പരിക്കേറ്റിരുന്നു. ചൊവ്വാഴ്ച്ചയോടെ സംഘര്‍ഷം ശക്തിപ്പെട്ടതിനാല്‍ ബിഎസ്എഫ് എത്തി പ്രെടോളിങ് ആരംഭിച്ചു. കഴുത്തിന് ചുറ്റും മുറിവുകളുമായി ആശുപത്രിയില്‍ കഴിയുകയായിരുന്ന 60കാരനായ കാര്‍ത്തിക് ഗോഷാണ് ഇന്നലെ മരണമടഞ്ഞത്. മരണവാര്‍ത്ത അറിഞ്ഞെത്തിയ ബിജെപി പ്രവര്‍ത്തകരും തൃണമൂല്‍ പ്രവര്‍ത്തകരും തമ്മില്‍ ആശുപത്രി ഗേറ്റിന് മുന്നിലായി ഏറ്റുമുട്ടി. പാര്‍ട്ടി നേതാക്കള്‍ അഭ്യര്‍ത്ഥിച്ചത് പ്രകാരം പ്രവര്‍ത്തകര്‍ പിന്‍വാങ്ങുകയായിരുന്നു.
ഇതിനെ തുടര്‍ന്നാണ് 24 പര്‍ഗനാസ് ജില്ലയിലെ ബാസിര്‍ഹത്തിലും സമീപ പ്രദേശങ്ങളിലും സംഘര്‍ഷമുണ്ടായത്. 400 ബിഎസ്എഫ് സൈനികരാണ് പ്രദേശത്ത് എത്തിയിരിക്കുന്നത്. പൊലീസിന് കൈകാര്യം ചെയ്യാനാവുന്ന സാഹചര്യമാണെന്ന് കാണിച്ച് കൂടുതല്‍ സൈന്യം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചിട്ടുണ്ട്.
പശ്ചിമ ബംഗാളിലെ ക്രമസമാധാനം പൂര്‍ണമായി തകര്‍ന്നതായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാശ് വിജയ്വാര്‍ഗിയ ആരോപിച്ചു. മുസ്ലിം ജനക്കൂട്ടം ഹിന്ദു ഭവനങ്ങള്‍ ആക്രമിച്ചതായും മമതാ ബാനര്‍ജി സാമൂഹിക വിരുദ്ധ ശക്തികളെ സംരക്ഷിക്കുന്നതായും വിജയ്വാര്‍ഗിയ ആരോപിച്ചു.
എന്നാല്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ബിജെപിയും ആര്‍എസ്എസുമാണെന്ന് മമതാ ബാനര്‍ജി ആവര്‍ത്തിച്ചു. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഥി ബിജെപി നേതാവിനെപ്പോലെയാണ് പ്രവര്‍ത്തിച്ചതെന്ന രൂക്ഷ വിമര്‍ശനവും മമത ഉന്നയിച്ചിരുന്നു. വര്‍ഗീയ സംഘര്‍മുണ്ടാക്കുന്ന ആരെയും വെറുതെ വിടില്ലെന്നും വിലകൊടുക്കേണ്ടി വരുമെന്നും ബംഗാള്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

© 2024 Live Kerala News. All Rights Reserved.