ലാലു പ്രസാദ് യാദവിനെതിരെ സിബിഐ പുതിയ കേസെടുത്തു. റെയില്‍വേ മന്ത്രിയായിരിക്കേ ഹോട്ടലുകള്‍ക്ക് അനധികൃത ടെന്‍ഡര്‍ നല്‍കിയതിലാണ് കേസ്. ലാലുവിന്റെയും കുടുംബാംഗങ്ങളുടെയും വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ് നടക്കുന്നു. ലാലു, ഭാര്യ രബ്രി ദേവി, മകനും ബീഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വ യാദവ് എന്നിവര്‍ക്കെതിരെയാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ്ങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ എംഡിയും സംഭവത്തില്‍ സിബിഐയുടെ നോട്ടപ്പുള്ളിയാണ്. 2006ല്‍ റെയില്‍വേ മന്ത്രിയായിരുന്ന കാലത്ത് റാഞ്ചിയിലേയും പൂരിയിലേയും ഹോട്ടലുകളുടെ നിര്‍മ്മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കുമായി ലാലു പ്രസാദ് അനധികൃത ടെന്‍ഡര്‍ വിളിച്ചുവെന്ന് സിബിഐ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി, പാറ്റ്‌ന, റാഞ്ചി, പൂരി, ഗുരാഗോണ്‍, തുടങ്ങി 12 സ്ഥലങ്ങളില്‍ സിബിഐ റെയിഡ് നടത്തുന്നു എന്നാണ് സൂചന. യുപിഎ ഭരണത്തില്‍ 2004 മുതല്‍ 2009 വരെ റെയില്‍വേ മന്ത്രിയായിരുന്നു ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്.