നടി സോണിക ചൗഹാന്‍ കൊല്ലപ്പെട്ട കേസില്‍ നടന്‍ വിക്രം ചാറ്റര്‍ജി അറസ്റ്റില്‍; മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു

അപകടകരമായ അശ്രദ്ധയോടെ വാഹനം ഓടിച്ചതിന് ചാറ്റര്‍ജിക്ക് എതിരെ നേരത്തെ തന്നെ കേസെടുത്തിരുന്നു. രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമായിരുന്ന വകുപ്പാണിത്. എന്നാല്‍ ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 304 പ്രകാരം മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് ഇപ്പോള്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. ആവശ്യമായ തെളിവുകള്‍ വിക്രം ചാറ്റര്‍ജിക്കെതിരെയുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
ഏപ്രില്‍ 29 ന് രാത്രി 3.30ക്ക് പാര്‍ട്ടി കഴിഞ്ഞ് മടങ്ങവേയാണ് സോണിക ചൗഹാന്‍ കൊല്ലപ്പെട്ടത്. ചാറ്റര്‍ജിയും ചൗഹാനും സഞ്ചരിക്കുകയായിരുന്ന കാര്‍ നടപ്പാതയില്‍ കാര്‍ മറിയുകയായിരുന്നു. കാര്‍ ഓടിച്ചിരുന്നത് ചാറ്റര്‍ജിയായിരുന്നു.
അന്നേ ദിവസം രണ്ട് ക്ലബ്ബുകളിലായി ഇരുവരും എടുത്ത ചിത്രങ്ങള്‍ പൊലീസ് കണ്ടെത്തിയിരുന്നു. ചൗഹാന്റെ സുഹൃത്തില്‍ നിന്നുമാണ് ഫോട്ടോ പൊലീസിന് ലഭിച്ചത്. പൊലീസിന് ലഭിച്ച ഒരു ചിത്രത്തില്‍, ചാറ്റര്‍ജി മദ്യഗ്ലാസ് കൈയില്‍പിടിച്ചിരിക്കുന്നത് ശ്രദ്ധില്‍പ്പെട്ടിരുന്നു.
അപകടം നടന്ന അന്ന് താന്‍ മദ്യപിച്ചിരുന്നില്ലെന്നാണ് ചാറ്റര്‍ജി പൊലീസിനോട് പറഞ്ഞത്. പിന്നീട് താന്‍ മദ്യപിച്ചതായി ചാറ്റര്‍ജി പൊലീസിനോട് സമ്മതിച്ചിരുന്നു. അതിവേഗത്തിലായിരുന്നു ചാറ്റര്‍ജി കാറോടിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇക്കാര്യം വ്യക്തമായിട്ടില്ല.
അപകടം നടന്ന പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍, ഇരുവരും മദ്യം വാങ്ങിയ മൂന്ന് ബാറുകളില്‍ നിന്നുമുള്ള ബില്ലുകള്‍ എന്നിവ പൊലീസ് ശേഖരിച്ചിട്ടുണ്ട്. അപകടം നടന്ന് ഒന്‍പത് ദിവസങ്ങള്‍ക്ക് ശേഷമാണ് ചാറ്റര്‍ജിയുടെ രക്തസാംപിള്‍ എടുത്തതെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ഫോറന‍സിക് പരിശോധനകള്‍ പ്രകാരം അപകടം നടന്ന സമയത്ത് ചാറ്റര്‍ജി മദ്യലഹരിയിലായിരുന്നു എന്ന് തെളിയിക്കാനാകുമായിരുന്നില്ല.
ഇതിനിടെ ചൗഹാന്റെ സുഹൃത്തുക്കള്‍, ‘ജസ്റ്റിസ് ഫോര്‍ സോണിക’ എന്ന പേരില്‍ ക്യാംപെയ്നും ആരംഭിച്ചിരുന്നു. ബംഗാളിലെ ഒരു പ്രമുഖ ടെലിവിഷന്‍ ഷോയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചാറ്റര്‍ജിയെ സംരക്ഷിക്കാന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.