നടി ആക്രമിക്കപ്പെട്ട കേസ്: കസ്റ്റഡി റദ്ദാക്കണമെന്ന പള്‍സര്‍ സുനിയുടെ ഹര്‍ജി തള്ളി

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി പള്‍സര്‍ സുനിയുടെ ഹര്‍ജി കോടതി തള്ളി. കസ്റ്റഡി റദ്ദാക്കണമെന്നും, അഭിഭാഷകനുമായി സംസാരിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് കോടതി തള്ളിയത്. കാക്കനാട് കുന്നുംപുറം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് പള്‍സറിന്റെ ആവശ്യം തള്ളിയത്.
പൊലീസ് മര്‍ദ്ദിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പള്‍സര്‍ സുനിയുടെ അഭിഭാഷകര്‍ പൊലീസ് കസ്റ്റഡി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. മര്‍ദനമേറ്റിട്ടില്ലെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജി തള്ളിയത്. നേരത്തെ അനുവദിച്ച ദിവസം വരെ പള്‍സര്‍ സുനിയെ പൊലീസിന് കസ്റ്റഡിയില്‍ വെയ്ക്കാമെന്നും ചോദ്യം ചെയ്യാമെന്നും കോടതി ഉത്തരവിട്ടു. വ്യാഴാഴ്ചയാണ് പൊലീസ് കസ്റ്റഡിയില്‍ മര്‍ദ്ദിക്കുകയാണെന്നും, അതിനാല്‍ കസ്റ്റഡി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഭാഗം ഹര്‍ജി നല്‍കിയത്. ഹര്‍ജി പരിഗണിച്ച കോടതി കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് പത്താം തീയതി വരെ പൊലീസിന്, പള്‍സര്‍ സുനിയെ കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്യാനാകും.
സുനിയ്ക്ക് ജയിലില്‍ ഫോണുപയോഗിക്കാന്‍ സഹായിച്ചതിന് കൂട്ടുപ്രതികളായ വിപിന്‍ലാല്‍, വിഷ്ണു എന്നിവരെ കോടിതി മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. ഈ മാസം പത്തുവരെയാണ് പൊലീസ് കസ്റ്റഡി.

© 2024 Live Kerala News. All Rights Reserved.