മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ അടക്കം 42 തെളിവുകളുടെ പകര്‍പ്പ് വേണമെന്ന് പള്‍സറിന്റെ അഭിഭാഷകന്‍; ആവശ്യം കോടതി തളളി

കൊച്ചിയില്‍ നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ വേണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി തളളി. പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച 42 ഇനം തെളിവുകളുടെ പകര്‍പ്പുകളാണ് പ്രതിഭാഗം അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ നല്‍കാനാവില്ലെന്ന് കോടതി പറഞ്ഞു. ഇക്കഴിഞ്ഞ ഏപ്രില്‍ 17നാണ് കാറിനുളളില്‍ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. അതേസമയം സിസിടിവി ദൃശ്യങ്ങള്‍ പ്രതിഭാഗത്തിന് പരിശോധിക്കാമെന്നും കോടതിയില്‍ വെച്ചുതന്നെ ഇവ പരിശോധിക്കണമെന്നും അറിയിച്ചിട്ടുണ്ട്. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ഒരു കാരണവശാലും നല്‍കരുതെന്ന് ശക്തമായ നിലപാട് പൊലീസ് സ്വീകരിച്ചിരുന്നു. കോടതി ഇത് അംഗീകരിക്കുകയായിരുന്നു
പള്‍സര്‍ സുനി ജയിലില്‍ ഉപയോഗിച്ചത് സേലം സ്വദേശ് സാമിക്കണ്ണന്റെ ഫോണ്‍. കോയമ്പത്തൂരില്‍ വിദ്യാര്‍ത്ഥിയായ മകന് സാമിക്കണ്ണന്‍ വാങ്ങി നല്‍കിയ ഫോണ്‍ കഴിഞ്ഞ ഒക്ടോബറില്‍ കളവ് പോയിരുന്നുവെന്ന് ഇയാള്‍ മൊഴി നല്‍കി. ഏപ്രില്‍ പത്തുമുതലാണ് ഈ നമ്പര്‍ പള്‍സര്‍ സുനി കഴിഞ്ഞിരുന്ന കാക്കനാട് ജയില്‍ പരിധിയില്‍ സജീവമായത്.

© 2024 Live Kerala News. All Rights Reserved.