‘എല്ലാം ശരിയാക്കാന്‍ ഇനി ആര് വരും?’ മൂന്നാര്‍ കേസില്‍ പിണറായി സര്‍ക്കാരിനെതിരെ ഹൈക്കോടതി; എല്ലാം ജനത്തിന്റെ അമിതപ്രതീക്ഷ മാത്രമാകരുത്

മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കലില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. മൂന്നാറില്‍ എല്ലാം ശരിയാക്കാന്‍ ആര് വരുമെന്നും കോടതി ചോദിച്ചു. മൂന്നാറിലെ ഏറെ വിവാദമായ 22 സെന്റിലെ ലൗ ഡെയ്ല്‍സ് റിസോര്‍ട്ടിന്റെ കേസിന്റെ വിധിപ്പകര്‍പ്പിലാണ് കോടതിയുടെ കടുത്ത വിമര്‍ശനങ്ങളുളളത്. കയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ ഒട്ടേറെ വിധികള്‍ നിലവിലുണ്ട്. ഇത് നടപ്പാക്കുക മാത്രമാണ് വേണ്ടത്. എല്ലാം ശരിയാക്കാമെന്ന് പറഞ്ഞാണ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത്. ഇത് നടക്കില്ലെന്ന് തോന്നുന്നത് പൊതു താത്പര്യത്തിന് വിരുദ്ധമാണ്. സര്‍ക്കാരിന് വേണ്ടത് രാഷ്ട്രീയ ഇച്ഛാശക്തിയും ആര്‍ജ്ജവവുമാണ്. എല്ലാം ജനത്തിന്റെ അമിത പ്രതീക്ഷ മാത്രമാകരുത്. എല്ലാം ശരിയാക്കാന്‍ ഇനി ആര് വരുമെന്നും സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു.
മൂന്നാറില്‍ അനധികൃതമായി കൈവശം വച്ച് സ്വകാര്യ റിസോര്‍ട്ടായി പ്രവര്‍ത്തിക്കുന്ന കെട്ടിടവും സ്ഥലവും ഏറ്റെടുക്കാനുള്ള റവന്യു വകുപ്പ് ഉത്തരവ് ഹൈക്കോടതി കഴിഞ്ഞദിവസം ശരിവെച്ചിരുന്നു. സ്വകാര്യ ഹോംസ്റ്റേനടത്തുന്ന വി വി ജോര്‍ജിന്റെ ഹര്‍ജി തള്ളിയാണ് ജസ്റ്റിസ് വിനോദ് ചന്ദ്രന്റെ ഉത്തരവ്. കെട്ടിടം ഉള്‍പ്പെടെയുള്ള 22 സെന്റ് സ്ഥലം സര്‍ക്കാരിന് ഏറ്റെടുക്കാം. ഭൂമിയില്‍ സര്‍ക്കാരിനാണ് പരിപൂര്‍ണ അവകാശമെന്നും പാട്ടക്കാരന് അവകാശമുന്നയിക്കാന്‍ അധികാരമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. പാല സ്വദേശി തോമസ് മൈക്കിളിന്റെ കൈവശമുണ്ടായിരുന്ന ഭൂമി പാട്ടക്കാലാവധിക്ക് ശേഷം വി.വി. ജോര്‍ജിന് മറിച്ച് വില്‍ക്കുകയായിരുന്നു. ഇക്കാര്യം രേഖകള്‍ പരിശോധിച്ചതില്‍നിന്നും ബോധ്യപ്പെട്ട് സബ് കലക്ടര്‍ 48 മണിക്കൂറിനകം ഭൂമി വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കുകയായിരുന്നു. ഈ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ജോര്‍ജ്ജ് കോടതിയെ സമീപിച്ചത്.
ഇതൊഴിപ്പിക്കാനുളള ശ്രമം നിര്‍ത്തിവെക്കണമെന്നും സബ്കളക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുമായിരുന്നു സിപിഐ, കോണ്‍ഗ്രസ്, സിപിഐഎം സംഘം പിന്നാലെ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. തുടര്‍ന്ന് നടന്ന മന്ത്രിസഭാ യോഗത്തില്‍ ഇത് ചര്‍ച്ചയായിരുന്നു. സബ്കളക്ടറുടെ നടപടി ന്യായമാണെന്നും ഇതൊഴിപ്പിക്കണമെന്നുമുളള നിലപാടാണ് റവന്യുവകുപ്പ് സ്വീകരിച്ചത്. അതേസമയം യോഗം വിളിക്കാമെന്നാണ് ഇതില്‍ മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ യോഗത്തിന്റെ ആവശ്യമില്ലെന്നും സബ്കളക്ടറുടേത് ശരിയായ നിലപാടാണെന്നായിരുന്നു റവന്യുമന്ത്രി പ്രകടിപ്പിച്ചതും. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ക്കുന്നതും റവന്യുമന്ത്രിയും സിപിഐയും വിട്ടുനില്‍ക്കുന്നത് അടക്കമുളള തുടര്‍വിവാദങ്ങള്‍ ഉണ്ടാകുന്നതും.

© 2024 Live Kerala News. All Rights Reserved.