‘ജനങ്ങള്‍ തെരഞ്ഞെടുത്തിട്ടാണ് മുഖ്യമന്ത്രിയായത്’; ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ മമത; അവഹേളിച്ചിട്ടില്ലെന്ന് ഗവര്‍ണര്‍

കൊല്‍ക്കത്ത: പ്രവാചകന്‍ മുഹമ്മദിനെതിരായ വിദ്യാര്‍ത്ഥിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് സംഘര്‍ഷം നടക്കുന്ന ബംഗാളില്‍ ഗവര്‍ണര്‍ കെ. എന്‍ ത്രിപാഠിയ്‌ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. സംസ്ഥാനത്തെ സംഘര്‍ഷാവസ്ഥയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരായന്‍ തന്നെ വിളിച്ച ബംഗാള്‍ ഗവര്‍ണര്‍ അവഹേളിക്കുന്ന തരത്തില്‍ പെരുമാറിയെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.

ബിജെപിയുടെ പ്രദേശിക നേതാവ് സംസാരിക്കുന്നതു പോലെയാണ് ഗവര്‍ണര്‍ തന്നോട് സംസാരിച്ചതെന്നും ജനങ്ങള്‍ തെരഞ്ഞെടുത്തിട്ടാണ് താന്‍ ബംഗാള്‍ മുഖ്യമന്ത്രിയുടെ കസേരയിലിരിക്കുന്നതെന്ന് അദ്ദേഹം ഓര്‍ക്കണമെന്നും മമത ഗവര്‍ണര്‍ക്ക് താക്കീത് നല്‍കി.
എന്നെ തിരഞ്ഞെടുത്തത് ഗവര്‍ണറല്ല, ജനങ്ങളാണ്. ഗവര്‍ണറുടെ പെരുമാറ്റം ഒരു കാരണവശാലും അംഗീകരിക്കാന്‍ സാധിക്കാത്തതാണ്. എന്ത് ധൈര്യത്തിലാണ് എന്നെ നിയമം പഠിപ്പിക്കാന്‍ ഗവര്‍ണര്‍ വരുന്നത്

മമത ബാനര്‍ജി

സംസ്ഥാനത്ത് നടക്കുന്ന ക്രമസമാധാന പ്രശ്‌നങ്ങളെക്കുറിച്ച് മാത്രമാണ് മമത ബാനര്‍ജിയോട് താന്‍ സംസാരിച്ചതെന്ന് ഗവര്‍ണര്‍ പറഞ്ഞു. മുഖ്യമന്ത്രിയെ അപമാനിക്കുന്ന തരത്തിലോ അവര്‍ക്ക് പ്രയാസമുണ്ടാക്കുന്ന തരത്തിലോ താന്‍ ഒന്നും സംസാരിച്ചിരുന്നില്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് നടക്കുന്ന പ്രശ്നങ്ങളില്‍ ഗവര്‍ണര്‍ക്ക് മിണ്ടാതിരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങള്‍ക്ക് നല്‍കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
പ്രവാചകന്‍ മുഹമ്മദിനെതിരായുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് ബംഗാളില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. സംഘര്‍വാസ്ഥ നിയന്ത്രിക്കാന്‍ സൈന്യത്തെ നിയോഗിച്ചു. 400 ട്രൂപ്പ് ബിഎസ്എഫ് ജവാന്മാരെയാണ് നിയമിച്ചത്. ഫെയ്‌സ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് 17 വയസ്സുള്ള വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു.

© 2024 Live Kerala News. All Rights Reserved.