പൊലീസിന് മാര്‍ച്ചില്‍ തന്നെ ദൃശ്യങ്ങള്‍ കിട്ടിയിരുന്നുവെന്ന് ബെഹ്‌റ; നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത് വിവാഹം മുടക്കാനാണെന്നും നിഗമനം

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ പൊലീസിന് മാര്‍ച്ചില്‍ തന്നെ കിട്ടിയിരുന്നുവെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഇപ്പോള്‍ അന്വേഷിക്കുന്നത് ഗൂഢാലോചനയും ഇതിന് പ്രേരണ ചെലുത്തിയവരെക്കുറിച്ചും മാത്രമാണെന്നും അദ്ദേഹം പറഞ്ഞതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. പൊലീസ് സംശയിക്കുന്ന ചിലര്‍ ഇതില്‍ ഉള്‍പ്പെട്ടതിന്റെ സാഹചര്യത്തെളിവുകള്‍ അന്വേഷണ സംഘം ശേഖരിച്ച് വരികയാണ്. മാര്‍ച്ചില്‍ തന്നെ നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇക്കാര്യം കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.
പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചത്. അത് ഫൊറന്‍സിക് ലാബില്‍ പരിശോധിച്ചാണ് വ്യക്തത വരുത്തിയത്. കേസിലെ ഒരു തെളിവും അതാണെന്നും ബെഹ്‌റ പറഞ്ഞു. നടിയെ വാഹനത്തില്‍ പ്രതി ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ മാര്‍ച്ചില്‍ തന്നെ പരിശോധനയ്ക്കായി ലഭിച്ചെന്നും അതിന്റെ വിശദാംശം അടുത്തദിവസം തന്നെ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നതായും ഫൊറന്‍സിക് ലാബ് ഉന്നതരും സ്ഥിരീകരിച്ചു. ഇപ്പോള്‍ പുതിയതായി കുറ്റകൃത്യം സംബന്ധിച്ച ഒരു തെളിവും പൊലീസ് ശേഖരിച്ചിട്ടില്ല. എന്നാല്‍ അക്രമത്തിന് പിന്നിലുളളവരെക്കുറിച്ച് കുറെ വിവരം ലഭിച്ചിട്ടുണ്ടെന്നും ഡിജിപി ബെഹ്‌റ വ്യക്തമാക്കി.
അതേസമയം നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താനുളള ക്വട്ടേഷന്‍ നല്‍കിയത് അവരുടെ വിവാഹം മുടക്കാനാണെന്ന് അന്വേഷണത്തില്‍ വ്യക്തമായതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. പ്രതിശ്രുതവരന്‍ നല്‍കിയ വിവാഹ വാഗ്ദാന മോതിരം ഉള്‍പ്പെടുത്തി ചിരിക്കുന്ന മുഖത്തോടെ നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ വേണമെന്ന് ക്വട്ടേഷന്‍ നല്‍കിയ വ്യക്തി നിര്‍ബന്ധം പിടിച്ചുവെന്നും മൊഴിയുണ്ട്. വിവാഹം മുടങ്ങുന്നത് കൊണ്ട് ക്വട്ടേഷന്‍ നല്‍കിയ വ്യക്തിക്കുണ്ടാകുന്ന നേട്ടം എന്താണെന്ന കാര്യവും പൊലീസ് പരിശോധിക്കുകയാണ്‌.

© 2024 Live Kerala News. All Rights Reserved.