ജിഎസ്ടിയുടെ മറവില്‍ ഉത്പന്നങ്ങളുടെ വില അന്യായമായി കൂട്ടിവില്‍ക്കുന്നുണ്ടോ എന്നറിയാന്‍ പരിശോധന

സംസ്ഥാനത്ത് പുതിയ നികുതി പരിഷ്‌കാരമായ ഏകീകൃത ചരക്കുസേവന നികുതി നടപ്പിലാക്കിയതിന്റെ മറവില്‍ ഉത്പന്നങ്ങളുടെ വില അന്യായമായി കൂട്ടി വില്‍ക്കുന്നുണ്ടോ എന്നറിയാന്‍ പരിശോധന. ലീഗല്‍ മെട്രോളജി വകുപ്പാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്. ജിഎസ്ടിയുടെ മറവില്‍ സംസ്ഥാനത്ത് ഭക്ഷ്യ ഉത്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിക്കുന്നു എന്നു കാട്ടി വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ കര്‍ശനമായ പരിശോധനയിലേക്ക് കടന്നത്.
പാക്ക് ചെയ്ത് വരുന്ന ഉത്പന്നങ്ങള്‍ക്ക് മാത്രമാണ് അഞ്ച് ശതമാനം നികുതി ഈടാക്കാന്‍ ജിഎസ്ടി പ്രകാരം ഉത്തരവ് ഉണ്ടായിരുന്നത്. ഈ അഞ്ച് ശതമാനം നികുതി ഈടാക്കാന്‍ പാക്ക് ചെയ്യാത്ത ഉത്പന്നങ്ങള്‍കൂടി പാക്ക് ചെയ്ത് വില്‍ക്കാന്‍ വ്യാപാരികള്‍ ശ്രമം നടത്തുന്നുണ്ടോ എന്നത് ലീഗല്‍ മെട്രോളജി വകുപ്പ് പരിശോധിക്കും
ജിഎസ്ടി വരുന്നതിന് മുമ്പ് പാക്ക് ചെയ്ത് വന്ന ഉത്പന്നങ്ങള്‍ക്ക് പുതിയ സ്റ്റിക്കര്‍ പതിച്ച് വില വര്‍ദ്ധിപ്പിക്കുന്നുണ്ടോ എന്നതും പരിശോധിക്കും. ജിഎസ്ടി വന്ന സാഹചര്യം മുതലെടുത്ത് അരിവില കൂട്ടാന്‍ ചില വ്യാപാരികള്‍ ശ്രമിക്കുന്നു എന്ന പരാതിയും പരിശോധനാ സംഘം അന്വേഷിക്കും.
ജിഎസ്ടി നിലവില്‍ വരുമ്പോള്‍ ഭക്ഷ്യ ഉത്പന്നങ്ങളുടെ വില കുറയുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇതിനു വിരുദ്ധമായി ഉത്പന്നങ്ങളുടെ വില വര്‍ദ്ധിച്ചതിനെതിരെ വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു,

© 2024 Live Kerala News. All Rights Reserved.