മുഖ്യമന്ത്രിയുടെ നിലപാടിന് തിരിച്ചടി; മൂന്നാറിലെ വിവാദ 22 സെന്റ് ഭൂമി സര്‍ക്കാരിന്റേതെന്ന് ഹൈക്കോടതി; ഭൂമി ഏറ്റെടുക്കാനുളള സബ് കളക്ടറുടെ നടപടി ശരിവെച്ചു

കയ്യേറ്റം ഒഴിപ്പിക്കേണ്ട എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയ മുന്നാറിലെ റിസോര്‍ട്ട് ഭൂമി, സര്‍ക്കാരിന് ഏറ്റെടുക്കണം എന്ന് ഹൈക്കോടതി. റവന്യു വകുപ്പ് ഭൂമി ഏറ്റെടുക്കുന്നത് തടയണം എന്നാവശ്യപ്പെട്ട് ലൗ ഡെയ്ല്‍സ് റിസോര്‍ട്ട് ഉടമ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. ലൗ ഡെയ്ല്‍സ് സ്ഥിതി ചെയ്യുന്ന 22 ഏക്കര്‍ ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ഇത് സര്‍ക്കാര്‍ ഭൂമി തന്നെയാണെന്ന് ഹൈക്കോടതി സ്ഥീരികരിച്ചു. കളക്ടറുടെ നടപടി ശരിവെയ്ക്കുകയും ചെയ്തു.
മുന്നാറില്‍ പ്രശ്നത്തില്‍ ചേര്‍ന്ന വിവാദ സര്‍വ്വകക്ഷിയോഗത്തില്‍ ഈ ഭൂമി ഏറ്റെടുക്കേണ്ട എന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. റവന്യു ഉദ്യോഗസ്ഥരുടെയും സിപിഐയുടെയും നിലപാടിനെ മറിക്കടന്നായിരുന്നു ഇത്. ഇന്നത്തെ ഹൈക്കോടതി വിധി അത് കൊണ്ട് തന്നെ മുഖ്യമന്ത്രിക്ക് വലിയ തിരിച്ചടിയാകും
നേരത്തെ മൂന്നാര്‍ വിഷയവുമായി ബന്ധപ്പെട്ട് മന്ത്രി എം.എം മണി, എസ് രാജേന്ദ്രന്‍ എംഎല്‍എ, സിപിഐ നേതാവ് സി.എ കുര്യന്‍, കെപിസിസി വൈസ് പ്രസിഡന്റ് എ.കെ മണി എന്നിവരടങ്ങിയ സംഘം മുഖ്യമന്ത്രിയെ കണ്ടിരുന്നു. മൂന്നാര്‍ പൊലീസ് സ്റ്റേഷന് സമീപമുളള 22 സെന്റ് സ്ഥലവും കെട്ടിടവും 48 മണിക്കൂറിനകം ഒഴിയണമെന്ന് കാട്ടി സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ നോട്ടീസ് നല്‍കിയിരുന്നു. സര്‍ക്കാരിന് കുത്തകപ്പാട്ട ഉണ്ടായിരുന്ന ഈ ഭൂമിയില്‍ കെട്ടിടം പുതുക്കിപ്പണിത് അവിടെ ഹോംസ്‌റ്റേ നടത്തിയിരുന്ന വ്യക്തിക്കാണ് കളക്ടര്‍ നോട്ടീസ് നല്‍കിയതും. ഇതൊഴിപ്പിക്കാനുളള ശ്രമം നിര്‍ത്തിവെക്കണമെന്നും സബ്കളക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുമായിരുന്നു സര്‍വകക്ഷി സംഘം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്
തുടര്‍ന്ന് നടന്ന മന്ത്രിസഭാ യോഗത്തില്‍ ഇത് ചര്‍ച്ചയായിരുന്നു. സബ്കളക്ടറുടെ നടപടി ന്യായമാണെന്നും ഇതൊഴിപ്പിക്കണമെന്നുമുളള നിലപാടാണ് റവന്യുവകുപ്പ് സ്വീകരിച്ചത്. അതേസമയം യോഗം വിളിക്കാമെന്നാണ് ഇതില്‍ മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ യോഗത്തിന്റെ ആവശ്യമില്ലെന്നാണ് റവന്യുമന്ത്രി പിന്നീട് അറിയിച്ചതും.

© 2024 Live Kerala News. All Rights Reserved.