ന്യൂഡല്‍ഹി: ആറര മാസം പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കി. കൊല്‍ക്കത്ത സ്വദേശിനിയായ യുവതിയും ഭര്‍ത്താവും ഗര്‍ഭം അലസിപ്പിക്കാനായി നല്‍കിയ ഹര്‍ജിയിന്മേലാണ് കോടതി അനുമതി നല്‍കിയത്. ജസ്റ്റിസ് ദീപക് മിശ്ര, എം ഖാന്‍വില്‍കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്.
ഗര്‍ഭം തുടരുകയാണെങ്കില്‍ അമ്മയ്ക്കും കുഞ്ഞിനും ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. അമ്മയ്ക്ക് മാനസിക പ്രശ്‌നങ്ങള്‍ക്ക് സാധ്യയുണ്ടെന്നും കുഞ്ഞിനെ ജീവനോടെ ലഭിക്കുകയാണെങ്കില്‍ ഒന്നിലേറെ ശസ്ത്രക്രിയകള്‍ ആവശ്യമായി വരുമെന്നുമായിരുന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്. ആദ്യം ശസ്ത്രക്രിയ പോലും തരണം ചെയ്യാന്‍ ശിശുവിനാകില്ല. ഗര്‍ഭത്തിന്റെ വളര്‍ച്ച അമ്മയുടെ ജീവന് ഭീക്ഷണിയാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഏഴംഗ മെഡിക്കല്‍ ബോര്‍ഡ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 25 ആഴ്ച്ച പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ കോടതി അനുമതി നല്‍കിയത്. നിലവില്‍ 20 ആഴ്ച്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കുന്നത് ഇന്ത്യയിലെ നിയമപ്രകാരം കുറ്റകരമാണ്. മെഡിക്കല്‍ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ആറ് മാസം പ്രായമായ ഗര്‍ഭം അലസിപ്പിക്കാന്‍ മുമ്പ് കോടതി അനുവാദം നല്‍കിയിരുന്നു.