പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ ഒരു ലക്ഷം എടിഎം കാര്‍ഡുകള്‍ ഉപയോഗരഹിതമാവും; നിലവില്‍ വരുന്നത് മാസാവസാനത്തോടെ

ഈ മാസം അവസാനത്തോടെ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എടിഎം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യപ്പെടും. കൂടുതല്‍ സുരക്ഷിതമായ ഇഎംവി ചിപ്പുകള്‍ ഘടിപ്പിക്കാത്ത കാര്‍ഡുകളാണ് ഈ മാസം അവസാനത്തോടെ ഉപയോഗരഹിതമാവുന്നത്. ഇപ്പോള്‍ ബാങ്ക് ബ്രാഞ്ചുകളില്‍ നിന്നും സൌജന്യമായി പഴയ കാര്‍ഡുകള്‍ മാറ്റി വാങ്ങിക്കാന്‍ സാധിക്കും.
‘മാസ്‌ട്രോ ഡെബിറ്റ് കാര്‍ഡുകള്‍ മാറ്റി ഇഎംവി ചിപ്പു ഘടിപ്പിച്ച കാര്‍ഡുകള്‍ ഇപ്പോള്‍ എല്ലാ ബാങ്ക് ബ്രാഞ്ചുകളില്‍ നിന്നും മാറ്റി വാങ്ങുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ജൂലൈ മുപ്പത്തൊന്നു മുതല്‍ എല്ലാ മാസ്‌ട്രോ കാര്‍ഡുകളും ബ്ലോക്ക് ചെയ്യപ്പെടുകയോ ഹോട്ട്‌ലിസ്റ്റ് ചെയ്യപ്പെടുകയോ ചെയ്യും’ പിഎന്‍ബി വക്താവ് അറിയിച്ചു.
2015 ല്‍ പുറത്തിറക്കിയ ആര്‍ബിഐ നിര്‍ദേശപ്രകാരമാണ് പുതിയ നടപടി. പഞ്ചാബ് നാഷണല്‍ ബാങ്ക് മാത്രമല്ല, മറ്റു ബാങ്കുകള്‍ക്കും ഈ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉടന്‍ തന്നെ മറ്റു ബാങ്കുകളിലും ഇത് നടപ്പില്‍ വരുത്തും.
പഴയ മാസ്‌ട്രോ കാര്‍ഡുകള്‍ ഉപയോഗിക്കുന്ന ഒരു ലക്ഷം ഉപഭോക്താക്കള്‍ ഇപ്പോള്‍ ബാങ്കിനുണ്ട്. എല്ലാവരെയും മെസേജ് വഴി വിവരമറിയിച്ചുകൊണ്ടിരിക്കുന്നു. 5.65 കോടിയുടെ മൂല്യമുള്ള കാര്‍ഡുകള്‍ ആണ് ഇപ്പോള്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ കീഴില്‍ ഉള്ളത്. വര്‍ഷത്തില്‍ ഒരിക്കല്‍ പോലും ഉപയോഗിക്കാത്ത കാര്‍ഡുകള്‍ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
വാലിഡിറ്റി പിരീഡ് നോക്കാതെ എല്ലാ കാര്‍ഡുകളും 2018 ഡിസംബര്‍ മാസത്തിനു മുന്‍പ് ഇഎംവി ചിപ്പുകള്‍ ഘടിപ്പിക്കണം എന്നാണു നിര്‍ദേശം. മാഗ്‌നറ്റിക് സ്ട്രിപ്പ് ഉള്ള കാര്‍ഡുകള്‍ക്കും ഇത് ബാധകമാണ്. 2016 ജനുവരി 31 മുതല്‍ ഇഎംവി കാര്‍ഡുകള്‍ മാത്രം നല്‍കാനും ആര്‍ബിഐ നിര്‍ദേശിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.