‘പ്രതികരിച്ചില്ലെങ്കില്‍ നിങ്ങളെന്തു ചെയ്യുകയായിരുന്നു എന്ന് വരും തലമുറ ചോദിക്കും’; പശുവിന്‍റെ പേരിലുളള കൊലപാതകങ്ങളെ വിമര്‍ശിച്ച് രാഷ്ട്രപതി

പശുഭക്തിയുടെ പേരില്‍ ഗോരക്ഷകര്‍ അഴിച്ചുവിടുന്ന അക്രമത്തെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. രാജ്യത്തിന്റെ അടിസ്ഥാന വിശ്വാസ പ്രമാണങ്ങള്‍ സംരക്ഷിക്കാന്‍ ഇന്നത്തെ തലമുറ ചിന്തിക്കണമെന്ന് രാഷ്ട്രപതി പറഞ്ഞു. ഒരാളെ ആള്‍ക്കൂട്ടം തല്ലികൊന്നുവെന്ന് പത്രങ്ങളിലൂടെ നമ്മളറിയുമ്പോള്‍ ഇവയ്‌ക്കെതിരെ ശരിയായ രീതിയില്‍ പ്രതികരിക്കാന്‍ സാധിക്കുന്നുണ്ടോ എന്ന് നാം ചിന്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഇത്തരത്തില്‍ ഭീതിദമായ അവസ്ഥ പടരുമ്പോള്‍ നിങ്ങളെന്തു ചെയ്യുകയായിരുന്നു എന്ന് ഭാവി തലമുറ ചോദിക്കുമെന്നും അദ്ദേഹം പറഞ്ഞു. നാഷണല്‍ ഹെറാള്‍ഡിന്റെ പുതിയ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ബഹുസ്വരത സംരക്ഷിക്കാന്‍ എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്തമുണ്ടെന്നും പ്രണബ് മുഖര്‍ജി അഭിപ്രായപ്പെട്ടു.
രാജ്യത്ത് എന്‍ഡിഎ അധികാരത്തിലേറിയ ശേഷം നിരവധിപേരെയാണ് ഗോരക്ഷകര്‍ തല്ലിക്കൊന്നത്. പശുമാംസം ഭക്ഷിക്കുന്നവരാണെന്നു പറഞ്ഞ് ഡല്‍ഹിയില്‍ ട്രെയിനില്‍ വച്ച് 16 കാരനെ സഹയാത്രികര്‍ കുത്തികൊന്നിരുന്നു.
പശുവിന്റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ഹരിയാനയില്‍ ഒരു കൊലപാതകം കൂടിയുണ്ടായി.

© 2024 Live Kerala News. All Rights Reserved.