എല്ലാവര്‍ക്കും എസി ട്രെയിനില്‍ യാത്ര ചെയ്യാം; കുറഞ്ഞ ചെലവില്‍ എസി യാത്രയൊരുക്കാന്‍ ഇന്ത്യന്‍ റെയില്‍വേ

സാധാരണ തേര്‍ഡ് എസി താരിഫിനേക്കാള്‍ കുറഞ്ഞ ചെലവില്‍ ട്രെയിനില്‍ യാത്ര ചെയ്യാനുള്ള സൗകര്യവുമായി ഇന്ത്യന്‍ റെയില്‍വേ.ഈ പദ്ധതിയുടെ ഭാഗമായി കൂടുതല്‍ ഫുള്‍ എസി ട്രെയിനുകള്‍ അവതരിപ്പിക്കും. റെയില്‍വേയില്‍ വരുത്തുന്ന പുതിയ മാറ്റങ്ങളുടെ ഫലമായാണിത്‌. ഇതില്‍ ഫസ്റ്റ് ക്ലാസ്, സെക്കന്റ് ക്ലാസ്, തേര്‍ഡ് ക്ലാസ് ട്രെയിനുകള്‍ക്ക് പുറമേ എക്കോണമി എസി കോച്ചുകളും ഉണ്ടാവും.
എന്നാല്‍ സാധാരണ എസി കോച്ചുകളുടെ ഉള്ളില്‍ കാണുന്ന അത്രയും തണുപ്പ് ഈ കമ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടാവില്ല. ഇതിനുള്ളിലെ താപനില 24-25 ഡിഗ്രി സെല്‍ഷ്യസ് മാത്രമായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത് എന്നതിനാലാണ് ഇത്.
നിലവിലുള്ള മെയില്‍, എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് സ്ലീപ്പര്‍, തേര്‍ഡ് എസി,സെക്കന്റ് എസി, ഫസ്റ്റ് എസി ക്ലാസുകളാണ് ഉള്ളത്. രാജധാനി, ശതാബ്ദി, ഹംസഫര്‍, തേജസ് തുടങ്ങിയ ട്രെയിനുകളാവട്ടെ ഫുള്‍ എസി ട്രെയിനുകളാണ്.
പരമാവധി ആളുകള്‍ക്ക് എസിയില്‍ യാത്ര ചെയ്യാനുള്ള അവസരം ഒരുക്കുക എന്നതാണ് ഇന്ത്യന്‍ റെയില്‍വേയുടെ ലക്ഷ്യം. അതുകൊണ്ടുതന്നെ പരമാവധി റൂട്ടുകളില്‍ ഫുള്‍ എസി ട്രെയിനുകള്‍ അവതരിപ്പിക്കും.
റെയില്‍വേ സ്റ്റേഷനുകളില്‍ നിലവിലുള്ള സാഹചര്യം മെച്ചപ്പെടുത്താനായി പ്രത്യേക സെല്‍ രൂപീകരിച്ചിട്ടുണ്ട്. മുഴുവന്‍ തേര്‍ഡ് എസി കോച്ചുകളുമായി എത്തിയ ഹംസഫര്‍ എക്‌സ്പ്രസ് ഈയിടെ ഏറെ ജനപ്രീതി നേടിയിരുന്നു.

© 2024 Live Kerala News. All Rights Reserved.