അനന്ത്നാഗ് ആക്രമണം; പൊലീസുകാരെ വധിച്ച് ഒളിവിലായിരുന്ന ലഷ്‌കര്‍ നേതാവിനെ സൈന്യം വധിച്ചു; ഏറ്റുമുട്ടലിനിടെ രണ്ട് ഗ്രാമവാസികള്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ അനന്ത്നാഗില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ലക്ഷറി ത്വയ്ബ നേതാവ് ബാഷീര്‍ ലഷ്കാരിയടക്കം രണ്ട് തീവ്രവാദികളെ കൊലപ്പെടുത്തിയതായി സൈന്യം സ്ഥിരീകരിച്ചു. ശക്തമായ കാവലോടെ സൈന്യം സൈനികര്‍ തീവ്രവാദികളെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. സൈനികര്‍ ഗ്രാമത്തില്‍ ഒളിച്ച് പാര്‍ക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ആക്രമണം നടത്തിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു . സൈന്യവും തീവ്രവാദികളും തമ്മില്‍ നടന്ന രൂക്ഷമായ ഏറ്റുമുട്ടലില്‍ രണ്ട് ഗ്രാമവാസികള്‍ കൊല്ലപ്പെട്ടാതായും സ്ഥിരീകരിച്ചിട്ടുണ്ട്. താഹിറ (44), ഷദാബ് അഹ്മ്മദ് ചോപന്‍ (21) എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇരുവിഭാഗങ്ങളും തമ്മിലുള്ള വെടിവെയ്പ്പിനിടെയാണ് താഹിറ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനെതിരെ പ്രതിഷേധവുമായി എത്തിയ ജനക്കൂട്ടത്തിന് നേരെ സൈന്യം നടത്തിയ വെടിവെയ്പ്പിലാണ് ഷദാബ് അഹ്മ്മദ് ചോപന്‍ കൊല്ലപ്പെട്ടത് എന്ന് കരുതുന്നത്. മുഖത്ത് വെടിയേറ്റ ഷദാബ് ആശുപത്രിയില്‍ വെച്ചാണ് കൊല്ലപ്പെട്ടത്. വെടിയേറ്റ മറ്റ് നാല് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തെക്കന്‍ കശ്മീരില്‍ ജുണ്‍ 16ന് നടന്ന ഏറ്റുമുട്ടലില്‍ സ്റ്റേഷന്‍ ഓഫീസറടക്കം ആറ് പൊലീസുകാരെ ക്രൂരമായി കൊലപ്പെടുത്തിയ തീവ്രവാദി ആക്രമണത്തിന് നേതൃത്വം നല്‍കിയത് ലഷ്കാരിയാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
ഏറ്റുമുട്ടല്‍ അവസാനിച്ചതായും രണ്ട് തീവ്രവാദികളെ സൈന്യം കൊലപ്പെടുത്തിയതായും പൊലീസ് ഡയറ്കടര്‍ ജനറല്‍ എസ്പി വാലിദ് മാധ്യമങ്ങളെ അറിയിച്ചു. ബാഷീര്‍ ലഷ്കാരി, ആസാദ് ദാദാ എന്നിവരെയാണ് കൊലപ്പെടുത്തിയത് എന്ന് അദ്ദേഹം പറഞ്ഞു. ഇവര്‍ രണ്ട് പേരും ലക്ഷറി ത്വയ്ബ തീവ്രവാദികളാണ്.
അനന്ത്നാഗ് ജില്ലയിലെ ബ്രെന്ദി ബാട്ടപോര ഗ്രാമത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് ഏറ്റമുട്ടല്‍ നടന്നത്. സുരക്ഷാ സൈന്യത്തിന് നേരെ തീവ്രവാദികള്‍ വെടിവെച്ചതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ നടന്നതെന്ന് പൊലീസ് അറിയിക്കുന്നു. 17 ഗ്രാമവാസികളെ കവച്ചമായി ഉപയോഗിച്ചായിരുന്നു തീവ്രവാദികള്‍ വെടിയുതിര്‍ത്തതെന്നും പൊലീസ് അറിയിച്ചു. പ്രദേശത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.