നോട്ട് നിരോധനകാലത്ത് സഹകരണ ബാങ്കുകള്‍ കളളപ്പണം വെളുപ്പിച്ചെന്ന് സിബിഐ; കൊല്ലത്തെ ആറു സഹകരണ ബാങ്കുകള്‍ക്കെതിരെ കേസെടുത്തു

കൊല്ലം: നോട്ട് നിരോധനത്തിന്‍റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചതിന് കൊല്ലം ജില്ലയിലെ ആറ് സഹകരണ ബാങ്കുകള്‍ക്കെതിരെ സിബിഐ കേസെടുത്തു. ആര്‍ബിഐ മാനദണ്ഡങ്ങള്‍ പാലിക്കാതെ നിക്ഷേപം സ്വീകരിച്ചതിനും ക്രമക്കേട് നടത്തിയതിനുമാണ് കേസ്. ബാങ്കുകളുടെ ആറ് സെക്രട്ടറിമാരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയി്ട്ടുണ്ട്.
കടയ്ക്കല്‍, പുതുകാവ്, മയ്യനാട്, പന്മനം, കുലശേഖരപുരം, ചാത്തന്നൂര്‍ എന്നി സഹകരണ ബാങ്കുകള്‍ക്കെതിരെയാണ് കേസ്. നോട്ട് അസാധുവാക്കല്‍ തീരുമാനം പ്രഖ്യാപിച്ച നവംബര്‍ എട്ടിനുശേഷം റിസര്‍വ്വ് ബാങ്ക് ചട്ടങ്ങള്‍ ലംഘിച്ച് കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടു നിന്നു എന്നാണ് സിബിഐയുടെ പ്രഥമ വിവര റിപ്പോര്‍ട്ട് പറയുന്നത്. പഴയ നോട്ടുകള്‍ നിക്ഷേപിക്കാന്‍ ആര്‍ബിഐ നിര്‍ദേശിച്ച പരിധി ലംഘിച്ച് കോടികള്‍ നിക്ഷേപമായി വാങ്ങിയെന്നും സിബിഐയുടെ കുറ്റപത്രത്തില്‍ പറയുന്നു. ബാങ്ക് സെക്രട്ടറിമാരുടെ അറിവോടെയും അക്കൗണ്ട് ഉടമ അറിയാതെയുമാണ് കള്ളപ്പണം വെളുപ്പിക്കല്‍ നടന്നത്. പ്രതിപ്പട്ടികയിലുള്ള ആറ് ബാങ്കുകളും നോട്ട് നിരോധന കാലയളവില്‍ നടത്തിയ ഇടപാടുകള്‍ സംശയകരമാണെന്നും സിബിഐ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
പന്മന ചാത്തന്നൂര്‍ സഹകരണ ബാങ്കുകളിലാണ് ഏറ്റവും അധികം ക്രമക്കേടുകള്‍ നടന്നത്. വ്യാഴാഴ്ച്ച ആറ് ബാങ്കുകളിലും സിബിഐ റെയ്ഡ് നടത്തി രേഖകള്‍ പി്ടിച്ചെടുത്തിരുന്നു. രേഖകള്‍ വിശദമായി പരിശോധിച്ച ശേഷം ബാങ്കധികാരികളെ ചോദ്യം ചെയ്യാനാണ് സിബിഐയുടെ തീരുമാനം. നേരത്തെ സഹകരണബാങ്കുകളുടെ മറവില്‍ വ്യാപകമായി കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന ആരോപണം ബിജെപി ഉന്നയിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.