പുതിയ മദ്യനയം: എറണാകുളത്ത് നാളെ തുറക്കുന്നത് 12 ബാറുകള്‍; ലൈസന്‍സ് ലഭിച്ചതില്‍ എട്ടെണ്ണവും ഫോര്‍ സ്റ്റാര്‍

സംസ്ഥാനത്ത് പുതിയ മദ്യനയം ഇന്ന് നിലവില്‍ വരുമെന്നിരിക്കെ, എറണാകുളം ജില്ലയില്‍ ഇതുവരെ 12 പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് ലഭിച്ചു. ത്രീസ്റ്റാര്‍ മുതല്‍ മുകളിലേക്കുള്ളവയ്ക്ക് ബാര്‍ ലൈസന്‍സ് നല്‍കാനാണ് സര്‍ക്കാരിന്റെ പുതിയ മദ്യനയപ്രകാരമമുള്ള തീരുമാനം.
എറണാകുളത്ത് ഇതുവരെ ലൈസന്‍സ് നേടിയവയില്‍ നാലെണ്ണം ഒഴികെ ബാക്കിയെല്ലാം ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളാണ്. പാലാരിവട്ടം ഹോട്ടല്‍ റിനൈ, ചെറായി ബ്ലു വാട്ടേഴ്സ്, എംജി റോഡിലെ ഗ്രാന്‍ഡ്, യുവറാണി, കൃക്കടവിലെ ഇടശ്ശേരി മാന്‍ഷന്‍സ്, കാഞ്ഞൂര്‍ ഇടശ്ശേരി വില്ലേജ് റിസോര്‍ട്ട്, പാമ്പാക്കുട ഗ്രീന്‍പാലസ്, കടവന്ത്ര പാര്‍ക്ക് റസിഡന്‍സി. കുമ്പളങ്ങി ഹെറിറ്റേജ് മേത്താനം, കാക്കനാട് പാര്‍ക്ക് റസിഡന്‍സി, രവിപുരം മേഴ്സി, വടക്കന്‍ പറവൂര്‍ സിസി ടവര്‍ എന്നിവയ്ക്കയാണ് ഇന്നലെ വരെ ലൈസന്‍സ് ലഭിച്ചിരിക്കുന്നത്. നാലു ഹോട്ടലുകള്‍ക്കുള്ള ബാര്‍ ലൈസന്‍സ് അപേക്ഷ പരിഗണനയിലാണ്.
കഴിഞ്ഞ സര്‍ക്കാരിന്റെ മദ്യനയം അനുസരിച്ച് ഏറ്റവുംമധികം ബാറുകള്‍ പൂട്ടിയത് എറണാകുളത്താണ്. അടുത്ത ദിവസങ്ങളില്‍ ജില്ലയില്‍ കൂടുതല്‍ ബാര്‍ ലൈസന്‍സ് അനുവദിക്കും.
2014 മാര്‍ച്ച് 31 വരെ ബാറുകള്‍ പ്രവര്‍ത്തിച്ചിരുന്നതും ഇപ്പോള്‍ ദേശീയ, സംസ്ഥാന പാതയോരത്തല്ലാത്തതുമായ ഹോട്ടലുകള്‍ക്കാണ് ലൈസന്‍സ് അപേക്ഷ സമര്‍പ്പിക്കാനാകുന്നത്. എന്നാല്‍ പല ഹോട്ടലുകളിലും സ്റ്റാര്‍ ക്ലാസിഫിക്കേഷന്‍ പരിശോധന നടക്കാത്തതിനാല്‍ ഇവയ്ക്ക് ലൈസന്‍സ് അപേക്ഷ സമര്‍പ്പിക്കാനായിട്ടില്ല. ത്രീസ്റ്റാര്‍ ഹോട്ടലുകളില്‍ ചെന്നൈയില്‍ നിന്നുമുള്ള കേന്ദ്ര സംഘവും, ഫോര്‍ സ്റ്റാറിന് മുകളിലേക്കുള്ള ഹോട്ടലുകളില്‍ ഡല്‍ഹിയില്‍ നിന്നമുള്ള സംഘവുമാണ് പരിശോധന നടത്തേണ്ടത്. പരിശോധന നടത്തി ക്ലാസിഫിക്കേഷന്‍ ലഭിക്കുന്നത് അനുസരിച്ച് ബാക്കിയുള്ള ഹോട്ടലുകള്‍ക്കും ബാര്‍ ലൈസന്‍സ് ലഭിക്കും.
ഇന്ന് ഒന്നാം തിയതി ആയതിനാല്‍ നാളെ മുതലാണ് മദ്യശാലകള്‍ പ്രവര്‍ത്തിച്ച് തുടങ്ങുന്നത്. നേരത്തെ പൂട്ടിയ 62 ബാറുകള്‍ക്ക് ഇതിനകം പ്രവര്‍ത്തിക്കാനുളള അനുമതി നല്‍കി.
എറണാകുളം ജില്ലയ്ക്ക് പിന്നിലായി തിരുവനന്തപുരത്താണ് ഏറ്റവും അധികം ബാറുകള്‍ തുറക്കുക. കൂടാതെ നിരവധി ബിയര്‍-വൈന്‍ പാര്‍ലറുകള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. വെളളിയാഴ്ച മാത്രം 29 ബാറുകള്‍ക്കാണ് ലൈസന്‍സ് അനുവദിച്ചത്.
നിലവില്‍ 24 പഞ്ചനക്ഷത്ര ബാറുകള്‍ മാത്രമാണ് പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. ആലപ്പുഴയില്‍ പുതിയതായി ഒരെണ്ണത്തിന് കൂടി ലൈസന്‍സ് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് മൊത്തത്തില്‍ 40 ഹോട്ടലുകള്‍ സ്റ്റാര്‍ ലൈസന്‍സ് പുതുക്കിയിട്ടില്ല. പദവി പുതുക്കാനായി പിഴ സഹിതം ഇവരെല്ലാം അപേക്ഷ നല്‍കിയിട്ടുണ്ട്. നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന 3913 ഷാപ്പുകളുടെ ലൈസന്‍സും ഒമ്പതുമാസത്തേക്ക് കൂടി സര്‍ക്കാര്‍ നീട്ടി നല്‍കിയിട്ടുണ്ട്

© 2024 Live Kerala News. All Rights Reserved.