പ്രത്യേക ജിഎസ്ടി സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് തോമസ് ഐസക്ക്; ‘മാറിനില്‍ക്കുന്നത് രാഷ്ട്രീയ നിലപാട് ; കേരളസര്‍ക്കാര്‍ നികുതി നയമാറ്റത്തെ സ്വാഗതം ചെയ്യുന്നു’

രാജ്യത്ത് ജിഎസ്ടി നിലവില്‍ വന്നതായി പ്രഖ്യാപിക്കുന്ന അര്‍ദ്ധരാത്രിയിലെ പ്രത്യേക സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് സംസ്ഥാന ധനകാര്യ മന്ത്രി തോമസ് ഐസക്ക്. നിലവില്‍ ഡല്‍ഹിയിലുള്ള തോമസ് ഐസക്ക് ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തെങ്കിലും പ്രത്യേക സമ്മേളനത്തില്‍ പങ്കെടുക്കാതെ മടങ്ങുമെന്ന് മാധ്യമങ്ങളോട് പറഞ്ഞു.

‘ജിഎസ്ടി നടപ്പിലാക്കുമ്പോള്‍ പല കാര്യങ്ങളിലും വ്യക്തത വരേണ്ടതായുണ്ട്. എന്നാല്‍ ഇപ്പോഴും അവ്യക്തത നിലനില്‍ക്കുന്നു. ജിഎസ്ടി നടപ്പിലാക്കുന്നതിനെ കേരള സര്‍ക്കാര്‍ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍ ജിഎസ്ടി വളരെ സാധാരണമായ ഒരു നികുതി നയ മാറ്റം മാത്രമാണ്. വാറ്റ് നടപ്പിലാക്കിയത് പോലെ. അതിനായി പ്രത്യേക സമ്മേളനം പോലുള്ള രാഷ്ട്രീപ്രചരണങ്ങള്‍ക്ക് നിന്ന് കൊടുക്കാന്‍ ആഗ്രഹിക്കുന്നില്ല. അത് രാഷ്ട്രീയ നിലപാടാണ്. അത് തീരുമാനിക്കേണ്ടത് നേതൃത്വമാണ്.’

തോമസ് ഐസക്ക്

ജിഎസ്ടി നിവലില്‍ വരുന്നതോടെ വിലവര്‍ധനയുണ്ടാകുമെന്നും ധനകാര്യ മന്ത്രി വ്യക്തമാക്കി. ജിഎസ്ടി നടപ്പിലാക്കിയ രാജ്യത്തൊക്കെ വിലവര്‍ധനയുണ്ടായിട്ടുണ്ട്. ഇപ്പോള്‍ തന്നെ ജിഎസ്ടി നടപ്പിലാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ശഠിക്കുന്നതിന്റെ കാരണം ഇതാകാം. വിലയില്‍ ക്രമാധീതമായ വ്യത്യാസമുണ്ടാകാം എന്നതിനാല്‍ അതിനാല്‍ പ്രമുഖ ബ്രാന്‍ഡുകളോടെല്ലാം വിലവ്യത്യാസം പരസ്യപ്പെടുത്തണം എന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് രാത്രിയോടെ ചെക്ക്പോസ്റ്റുകളുടെ പ്രവര്‍ത്തനരീതി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇനിമുതല്‍ ഡ്രൈവര്‍മാര്‍ വണ്ടിയില്‍ നിന്നുമിറങ്ങാതെ തന്നെ രേഖകള്‍ സമര്‍പ്പിക്കണം.
കോണ്‍ഗ്രസ്, സിപിഐഎം, തൃണമൂല്‍ കോണ്‍ഗ്രസ്, ബഹുജന്‍ സമാജന്‍ പാര്‍ട്ടി, സമാജ് വാദി പാര്‍ട്ടി എന്നിവയും വിട്ട് നില്‍ക്കും. വേദിയിലേക്ക് ക്ഷണം ലഭിച്ചിട്ടുള്ള എച്ച് ഡി ദേവ ഗൗഡ ചടങ്ങില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മുന്‍ കേരള ധനകാര്യ മന്ത്രി കെഎം മാണി ചടങ്ങില്‍ പങ്കെടുക്കും.
ജിഎസ്ടി നടപ്പിലാക്കുന്നതിന് മുമ്പ് ചെറുകിട വ്യാപാരികള്‍ക്കും മറ്റും ആവശ്യമായ സാവകാശം കിട്ടിയില്ല എന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രധാനവാദം. ജിഎസ്ടി ആശയത്തിന് പിന്നില്‍ കോണ്‍ഗ്രസാണെങ്കിലും എല്ലാ വശങ്ങളും പരിഗണിക്കാതെ തിരക്ക് പിടിച്ച് എന്‍ഡിഎ സര്‍ക്കാര്‍ ജിഎസ്ടി നടപ്പിലാക്കുന്നു ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് സമ്മേളനം ബഹിഷ്കരിക്കുന്നത്
പുതിയ നികുതി നിലവില്‍ വരാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ, ആര്‍ക്കും ഇതിനെ പറ്റി ഒന്നും അറിയില്ലെന്നും എന്തിനാണ് ഇത്ര തിടുക്കമെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.