ആധാര്‍-പാന്‍ ഇന്ന് ബന്ധിപ്പിച്ചില്ലെങ്കിലും ആശങ്ക വേണ്ട; അസാധുവാകുവെന്ന പ്രചരണങ്ങള്‍ തെറ്റാണെന്ന് ആദായനികുതി വകുപ്പ്

ജൂലൈ ഒന്നിന് മുമ്പ് പാന്‍ കാര്‍ഡുമായി ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കണമെന്നും അല്ലെങ്കില്‍ പാന്‍ കാര്‍ഡ് അസാധുവാകുമെന്നും വ്യാപകമായ പ്രചരണം സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്നത്. എന്നാല്‍ ജൂലൈ ഒന്നിന് മുമ്പ് ഇതിന് സാധിച്ചില്ലെങ്കിലും തിരക്ക് കൂട്ടേണ്ട എന്നാണ് ആദായ നികുതി വകുപ്പ് നല്‍കുന്ന വിവരം. ആദായനികുതി വകുപ്പിന്റെ വെബ്സൈറ്റ് വഴിയാണ് ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കാനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്. ആധാര്‍ നമ്പറുമായി പാന്‍ കാര്‍ഡ് ബന്ധിപ്പിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും അതിന് ജൂലൈ ഒന്ന് എന്ന അവസാന തീയ്യതി നിശ്ചയിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ജൂണ്‍ അവസാനമായതോടെ ആളുകള്‍ തിക്കിട്ട് ഇതിന് ശ്രമിക്കുന്നതിനാല്‍ പലപ്പോഴും വെബ്സൈറ്റ് തകരാറുവുന്നുമുണ്ട്. ഇതിനാല്‍ ആശങ്കപ്പെെടേണ്ട എന്നാണ് നികുതി വകുപ്പ് അറിയിക്കുന്നത്.
ആധാര്‍ കാര്‍ഡുള്ളവര്‍ അത് പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കേണ്ടത് ജൂലൈ ഒന്നു മുതലാണ് നിര്‍ബന്ധമാവുന്നത്. ഫലത്തില്‍ നിലവിലെ കേന്ദ്ര ഉത്തരവ് പ്രകാരം ജൂണ്‍ അവസാനിക്കുന്നതിന് മുമ്പ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിലും പാന്‍ കാര്‍ഡുകള്‍ അസാധുവാകില്ല. ജുലൈ ഒന്നു മുതല്‍ ഇത് നിര്‍ബന്ധമായി മാറും. ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയ്യതി സര്‍ക്കാര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടുമില്ല. ഇനി പ്രഖ്യാപിക്കാനിരിക്കുന്ന അവസാന തീയ്യതിക്ക് ശേഷവും ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ മാത്രമേ അസാധുവാകൂ. ഈ തീയ്യതി പ്രഖ്യാപിക്കാത്തതിനാല്‍ ഇപ്പോള്‍ ആശങ്കപ്പെടേണ്ട കാര്യവുമില്ലെന്ന് ആദായനികുതി വകുപ്പ് അറിയിക്കുന്നു.
ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 139AA പ്രകാരം 2017 ജൂലൈ ഒന്നിന് പാന്‍ കാര്‍ഡ് ഉള്ളവരും ആധാര്‍ നമ്പര്‍ ലഭിക്കാന്‍ യോഗ്യതയുള്ളവരുമായ എല്ലാവരും, അവരുടെ ആധാര്‍ നമ്പര്‍ പ്രത്യേകം നിശ്ചയിക്കുന്ന ഫോറം വഴി ആദായ നികുതി വകുപ്പിനെ അറിയിക്കണം. സര്‍ക്കാര്‍ ഔദ്ദ്യോഗിക ഗസറ്റിലൂടെ പിന്നീട് വിജ്ഞാപനം ചെയ്യുന്ന അവസാന തീയ്യതിക്ക് മുമ്പ് ഇത് ചെയ്യാത്തവരുടെ പാന്‍ കാര്‍ഡാണ് അസാധുവായി കണക്കാക്കുക. സര്‍ക്കാര്‍ പിന്നീട് വിജ്ഞാപനം ചെയ്യുന്ന തീയ്യതിക്ക് മുമ്പ് എന്ന് നിയമത്തില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അവസാന തീയ്യതി സര്‍ക്കാര്‍ ഇതുവരെ അറിയിച്ചിട്ടുമില്ല.
ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും തമ്മില്‍ എങ്ങനെ ബന്ധിപ്പിക്കാം
ആദായ നികുതി ഇ-ഫയൽ ചെയ്യാനുള്ള പോർട്ടലായ https://incometaxindiaefiling.gov.in/-ൽ കയറി യൂസർ ഐ.ഡി.യും പാസ്‌വേഡും നൽകണം. പുതിയ ഉപയോക്താക്കൾ പാൻ, പേര്, ജനനത്തീയതി എന്നിവ നൽകി രജിസ്റ്റർ ചെയ്യണം. പോർട്ടലിൽ ലോഗ് ഇൻ ചെയ്തു കഴിഞ്ഞാൽ ‘പ്രൊഫൈൽ സെറ്റിങ്’ എന്നതിനു കീഴിലെ ‘ലിങ്ക് ആധാർ’ ബട്ടൺ ക്ലിക്ക് ചെയ്യണം. പേര്, ജനനത്തീയതി, സ്ത്രീ/പുരുഷൻ എന്നിവ രേഖപ്പെടുത്തുക. ഇത് പാൻ കാർഡിലേതിനു സമാനമായിരിക്കണം. ആധാർ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ നൽകുക. ആധാർ-പാൻ ബന്ധിപ്പിക്കൽ പൂര്‍ത്തിയായാല്‍ അത് അറിയിക്കുന്ന സന്ദേശം സ്‌ക്രീനിൽ തെളിയും. ഇ-മെയിലും ലഭിക്കും. ആധാർ-പാൻ ബന്ധിപ്പിച്ചു കഴിഞ്ഞാൽ ഐ.ടി. റിട്ടേൺ ഇ-വെരിഫൈ ചെയ്യാം. പ്രിന്റ് ഔട്ട് എടുത്ത് അയയ്ക്കേണ്ടതായി വരില്ല.
പാന്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കേണ്ടത് നിയമം മൂലം നിര്‍ബന്ധമാകുമെന്നതിനാല്‍ പാന്‍ കാര്‍ഡിനുള്ള അപേക്ഷയില്‍ ആധാര്‍ നമ്പ്‍ കൂടി ഇനി നല്‍കേണ്ടി വരും. ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാനും പാന്‍ നമ്പറിനൊപ്പം ആധാറും നിര്‍ബന്ധമാകും.

© 2024 Live Kerala News. All Rights Reserved.