‘സിനിമാ മേഖലയില്‍ എന്താണ് നടക്കുന്നതെന്ന് ഇന്നലെ മനസിലായില്ലേ?’; ഉളളുകളികള്‍ പുറത്തുവരണമെന്ന് മന്ത്രി സുധാകരന്‍

സിനിമാ മേഖലയില്‍ നടക്കുന്ന ഉള്ളുകളില്‍ മനസിലായെന്ന് മന്ത്രി ജി സുധാകാരന്‍. ഇന്നലെ നടന്ന അമ്മയുടെ വാര്‍ഷിക പൊതുയോഗത്തിന് ശേഷമാണ് സിനിമാ രംഗത്ത് നടക്കുന്ന കാര്യങ്ങള്‍ മനസിലായെന്ന് ജി സുധാകരന്‍ പറഞ്ഞത്. കൂടുതല്‍ ഉള്ളുകളികള്‍ ഇനിയും പുറത്തുവരണമെന്നും സുധാകരന്‍ പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട വിഷയവും നടന്‍ ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സജീവമായി നില്‍ക്കുന്നതിനിടെയില്‍ നടന്ന അമ്മയുടെ വാര്‍ഷിക പൊതുയോഗത്തില്‍ ഈ വിഷയങ്ങളൊന്നും ചര്‍ച്ചയായിരുന്നില്ല. വിഷയത്തില്‍ ദിലീപിന് പൂര്‍ണ പിന്തുണ നല്‍കുമെന്നാണ് യോഗത്തിനു ശേഷം മാധ്യമങ്ങളോട് ഭാരവാഹികള്‍ പറഞ്ഞത്.
പൊതു യോഗത്തിനു ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ എംഎല്‍എയായ മുകേഷ് മാധ്യമങ്ങോട് അകാരണമായി തട്ടിക്കയറിയതും വിവാദമായിരുന്നു.
ദിലീപിനെ വേട്ടയാടാന്‍ ആരെയും അംഗീകരിക്കില്ലെന്നും അനാവശ്യമായ ചോദ്യങ്ങള്‍ ചോദിക്കരുതെന്നുമാണ് മുകേഷ് പറഞ്ഞത്. സംഘടനയിലെ അംഗങ്ങളുടെ ചോര കുടിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് വൈസ് പ്രസിഡന്റ് കെ ബി ഗണേഷ് കുമാര്‍ വ്യക്തമാക്കി.

ജനറല്‍ സെക്രട്ടറി മമ്മൂട്ടിയും വൈസ് പ്രസിഡന്റ് മോഹന്‍ലാലും വേദിയിലിരിക്കേയാണ് മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് മുകേഷും ഗണേഷും എത്തിയത്.

© 2024 Live Kerala News. All Rights Reserved.