‘അങ്ങനെ പറഞ്ഞത് ആ ഘട്ടത്തില്‍ സൂചന ഇല്ലാത്തതിനാല്‍’; നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചന ഇല്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ ന്യായീകരിച്ച് കോടിയേരി

നടിയെ ആക്രമിച്ചകേസില്‍ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് ആദ്യവിവരങ്ങളുടെ അടിസ്ഥാനത്തിലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ അന്വേഷണം. കേസില്‍ പെട്ടയാളെ എത്രനേരം ചോദ്യം ചെയ്യണമെന്നത് പൊലീസ് തീരുമാനിക്കും. ഗൂഢാലോചനയില്ലെന്ന് പറഞ്ഞത് ആ ഘട്ടത്തില്‍ സൂചനയില്ലാത്തതിനാലാണെന്നും കോടിയേരി പറഞ്ഞു.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പൂര്‍ണ ഉത്തരവാദിത്തം പ്രധാനപ്രതിക്കാണെന്നു ഗൂഢാലോചനയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. തലശേരിയില്‍ നടന്ന പൊതുപരിപാടിയില്‍ വെച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.
ഗൂഢാലോചന സംബന്ധിച്ച് മുഖ്യമന്ത്രി പറഞ്ഞത് ഇങ്ങനെ

‘പ്രധാന പ്രതിയുടെ തന്നെ ഭാവനയാണിത്. പ്രധാന പ്രതിയുടെ ഭാവനയ്ക്ക് അനുസരിച്ച് നടത്തിയ ഒരു നടപടിയാണിത്. അയാളുടെ മനസ്സില്‍ ഉയര്‍ന്നുവന്ന ഒരു സങ്കല്‍പ്പം. ഒരു കുറ്റകൃത്യം എങ്ങനെ നടത്തണമെന്ന് കുറ്റവാളി സങ്കല്പിച്ച് വെക്കുമല്ലോ. അതിന്റെ ഭാഗമായി നടത്തിയ കാര്യം. ഇതാണ് ഇവിടെ സംഭവിച്ചിട്ടുള്ളത്. ഒരു നടനെപ്പറ്റി ആരോപണം വന്നു. ആ നടന്റെ പിന്നാലെ പൊലീസ് ഉണ്ട്. ആ നടന്റെ വീട്ടില്‍ പൊലീസ് എത്തി. ചോദ്യം ചെയ്തു. എല്ലാം നുണകളാണ്. സിനിമാ ലോകവുമായി ബന്ധപ്പെട്ട് അനാവശ്യമായ ഒരു ചിത്രം സൃഷ്ടിക്കാന്‍ എന്തിനാണ് ഒരു ശ്രമം നടന്നത്. നിയമത്തിന്റെ കരങ്ങളില്‍ കുറ്റവാളികള്‍ എത്തുന്നതിന് ആരും തടസ്സം നില്‍ക്കന്‍ പാടില്ല. സാധാരണ നിലയ്ക്ക് ആ നിലപാട് സ്വീകരിക്കാന്‍ പാടില്ല. കുറ്റവാളികള്‍ക്ക് രക്ഷയൊരുക്കിയവരുണ്ടാകും. ആ രക്ഷയൊരുക്കിയത് ആരായാലും അത് കുറ്റം ചെയ്തവരോടൊപ്പം കൂറ്റത്തില്‍ പങ്കാളികളായവരാണ്. ആ നിലക്കേ അതിനെ കാണാന്‍ കഴിയൂ.’

പിണറായി വിജയന്‍ മുഖ്യമന്ത്രി

കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ചോദ്യം ചെയ്യല്‍ പോലും പൂര്‍ത്തിയാകുന്നതിന് മുന്‍പായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താനവ. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ഗൂഢാലോചന ഇല്ലെന്ന താന്‍ പറഞ്ഞിട്ടില്ലെന്ന വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. മാധ്യമങ്ങള്‍ ഗൂഢാലോചനയെ കുറിച്ചുള്ള അന്വേഷണത്തിന് പുറപ്പെടരുതെന്നാണ് ആ വാര്‍ത്ത പരാമര്‍ശിച്ച് താന്‍ പ്രതികരിച്ചത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

© 2024 Live Kerala News. All Rights Reserved.