നടിയെ ആക്രമിച്ച സംഭവം യോഗത്തില്‍ ചര്‍ച്ചചെയ്യുമെന്ന് രമ്യ നമ്പീശന്‍; വിമന്‍ കളക്ടീവ് ബദല്‍ സംഘടനയല്ല

കൊച്ചി: വിമന്‍ കളക്ടീവ് ഇന്‍ സിനിമ ബദല്‍ സംഘടനയല്ലെന്ന് രമ്യ നമ്പീശന്‍. ഇത് അമ്മക്കെതിരല്ലെന്നും രമ്യ പറഞ്ഞു. അമ്മയില്‍ അംഗമായതിനാലാണ് യോഗത്തിനെത്തിയത്. നടിയെ ആക്രമിച്ച സംഭവം യോഗത്തില്‍ ചര്‍ച്ചചെയ്യും. വിമന്‍ ഇന്‍ കളക്ടീവിന്റെ അഭിപ്രായങ്ങള്‍ യോഗത്തില്‍ ഉന്നയിക്കുമെന്നും ഫലപ്രദമായ ചര്‍ച്ചകള്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും രമ്യ നമ്പീശന്‍ പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടാല്‍ മാത്രമെ ഇന്നത്തെ ജനറല്‍ ബോഡിയില്‍ ചര്‍ച്ച ചെയ്യുകയുളളുവെന്ന് പ്രസിഡന്റ് ഇന്നസെന്റ് പറഞ്ഞിരുന്നു. ഇരുവരും അമ്മയുടെ സജീവ പ്രവര്‍ത്തകര്‍. ആരുടെയും പക്ഷം ചേരാന്‍ അമ്മ തയ്യാറല്ല. ഇക്കാര്യത്തില്‍ അമ്മയില്‍ വിഭാഗീയതയുണ്ടെന്ന തരത്തില്‍ ഉയരുന്ന പ്രചരണം ശരിയല്ല. അംഗങ്ങള്‍ തമ്മിലുളള വ്യക്തിപരമായ തര്‍ക്കത്തില്‍ അമ്മ ഇടപെടില്ലെന്നും ഇന്നസെന്റ് വ്യക്തമാക്കി. ഇന്നലെ നടന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ നടി ആക്രമിക്കപ്പെട്ടതും ദിലീപിന്റെ മൊഴിയെടുക്കലും ചര്‍ച്ചയായി. എക്‌സിക്യൂട്ടീവിലെ രണ്ടു വനിതാ പ്രതിനിധികളില്‍ ഒരാള്‍ ഇന്നലെ പങ്കെടുത്തില്ലായിരുന്നു. ഇന്നുനടക്കുന്ന ജനറല്‍ ബോഡി യോഗത്തില്‍ കൂടുതല്‍ ചര്‍ച്ച നടക്കുമെന്നും ഉച്ചയ്ക്ക്‌ശേഷം ഔദ്യോഗികമായി വിവരങ്ങള്‍ അറിയിക്കാമെന്നാണ് ഇടവേള ബാബു അറിയിച്ചത്.

© 2024 Live Kerala News. All Rights Reserved.