ഏതെങ്കിലും മിടുക്കത്തി വന്നാല്‍ പ്രസിഡന്റ് സ്ഥാനം അവരുടെ തലയില്‍ കെട്ടിവെച്ച് പോകും’; അമ്മയില്‍ പുരുഷാധിപത്യമില്ലെന്ന് ഇന്നസെന്റ്

താരസംഘടനയായ അമ്മയില്‍ പുരുഷാധിപത്യമുണ്ടെന്ന ആരോപണങ്ങളെ തളളി പ്രസിഡന്റ് ഇന്നസെന്റ്. ഏതെങ്കിലും മിടുക്കത്തി സജീവമായി രംഗത്ത് വരികയാണെങ്കില്‍ തന്റെ സ്ഥാനം അവരുടെ തലയില്‍ കെട്ടിവെച്ച് പോകുമെന്നും ഇന്നസെന്റ് പറഞ്ഞു. സിനിമാരംഗത്തെ സ്ത്രീകളുടെ കൂട്ടായ്മയെ അമ്മ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. മറ്റെല്ലാ രംഗത്തെയും പോലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പറയാനും പരിഹരിക്കാനും ഒരു കൂട്ടായ്മ നല്ലതാണെന്നും അതിന് എല്ലാവിധ സഹായങ്ങളും അമ്മ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടാല്‍ മാത്രമെ ഇന്നത്തെ ജനറല്‍ ബോഡിയില്‍ ചര്‍ച്ച ചെയ്യുകയുളളുവെന്ന് പ്രസിഡന്റ് ഇന്നസെന്റ് പറഞ്ഞു.
ഇരുവരും അമ്മയുടെ സജീവ പ്രവര്‍ത്തകര്‍. ആരുടെയും പക്ഷം ചേരാന്‍ അമ്മ തയ്യാറല്ല. ഇക്കാര്യത്തില്‍ അമ്മയില്‍ വിഭാഗീയതയുണ്ടെന്ന തരത്തില്‍ ഉയരുന്ന പ്രചരണം ശരിയല്ല. അംഗങ്ങള്‍ തമ്മിലുളള വ്യക്തിപരമായ തര്‍ക്കത്തില്‍ അമ്മ ഇടപെടില്ലെന്നും ഇന്നസെന്റ് വ്യക്തമാക്കി. ഇന്നലെ നടന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ നടി ആക്രമിക്കപ്പെട്ടതും ദിലീപിന്റെ മൊഴിയെടുക്കലും ചര്‍ച്ചയായി. എക്‌സിക്യൂട്ടീവിലെ രണ്ടു വനിതാ പ്രതിനിധികളില്‍ ഒരാള്‍ ഇന്നലെ പങ്കെടുത്തില്ലായിരുന്നു. ഇന്നുനടക്കുന്ന ജനറല്‍ ബോഡി യോഗത്തില്‍ കൂടുതല്‍ ചര്‍ച്ച നടക്കുമെന്നും ഉച്ചയ്ക്ക്‌ശേഷം ഔദ്യോഗികമായി വിവരങ്ങള്‍ അറിയിക്കാമെന്നാണ് ഇടവേള ബാബു അറിയിച്ചത്.

© 2024 Live Kerala News. All Rights Reserved.