ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുളള ആക്രമണം: കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പുരസ്‌കാരങ്ങള്‍ തിരിച്ചേല്‍പ്പിച്ച് ശബ്‌നം ഹാഷ്മിയുടെ പ്രതിഷേധം NATIONAL June 28, 2017, 8:48 am

രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുളള ആക്രമണങ്ങള്‍ വര്‍ധിച്ചിട്ടും കേന്ദ്രസര്‍ക്കാരും ന്യൂനപക്ഷ കമ്മീഷനും അതില്‍ ഇടപെടുന്നതില്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി സാമൂഹിക പ്രവര്‍ത്തക ശബ്‌നം ഹാഷ്മി തനിക്ക് ലഭിച്ച പുരസ്‌കാരങ്ങള്‍ തിരിച്ചേല്‍പ്പിച്ചു. ദേശീയ ന്യൂനപക്ഷ കമ്മീന്‍ 2008ല്‍ നല്‍കിയ ദേശീയ ന്യൂനപക്ഷ അവകാശ പുരസ്‌കാരമാണ് ചൊവ്വാഴ്ച ഡല്‍ഹിയിലെ കമ്മീഷന്‍ ഓഫിസിലെത്തി ഡയറക്ടര്‍ക്ക് തിരിച്ചേല്‍പ്പിച്ചത്.
കമ്മീഷന്‍ ചെയര്‍മാനുമായി സംസാരിക്കാന്‍ അനുമതി ആവശ്യപ്പെട്ടെങ്കിലും യാത്രയിലാണെന്ന മറുപടിയാണ് ലഭിച്ചതെന്നും ശബ്‌നം ഹാഷ്മി പറഞ്ഞു. മുസ്ലിം സമുദായത്തിന് നേരെ നിരന്തരം ആക്രമണമുണ്ടാകുമ്പോഴും അക്രമിസംഘത്തിന് സര്‍ക്കാര്‍ പിന്തുണ നല്‍കുകയാണ്. ഒന്നിന് പിറകെ ഒന്നൊന്നായി ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ ഉണ്ടാകുകയാണ്. ഭീതിയുടെയും ഭീകരതയുടെയും അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ ഉറപ്പുവരുത്താന്‍ കമ്മീഷന്‍ സജീവമായി ഇടപെടേണ്ടതായിരുന്നു.

എന്നാല്‍ പൊലീസ് കെട്ടിച്ചമക്കുന്ന ആരോപണങ്ങള്‍ക്ക് അനുസരിച്ച് പാകിസ്ഥാനിലേക്ക് പോകാനാണ് മുസ്ലിംകളോട് ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ആവശ്യപ്പെട്ടതെന്നും ശബ്‌നം ഹാഷ്മി പറഞ്ഞു. കമ്മീഷന് ഹാഷ്മി കത്തും നല്‍കുകയുണ്ടായി. ബീഫുമായി ബന്ധപ്പെട്ട് രാജ്യത്തുണ്ടാകുന്ന ആക്രമണങ്ങളും ബീഫ് കൈയിലുണ്ടെന്ന് ആരോപിച്ച് ട്രെയിന്‍ യാത്രക്കിടെ ഹരിയാന സ്വദേശി ഹാഫീസ് ജുനൈദിനെ ജനക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയതും ജാര്‍ഖണ്ഡില്‍ രണ്ടു മുസ്ലിം യുവാക്കള്‍ തൂങ്ങിമരിച്ചതും ഉള്‍പ്പെടെയുളള കാര്യങ്ങള്‍ ഹാഷ്മി കത്തില്‍ വിശദമാക്കുന്നു.

© 2023 Live Kerala News. All Rights Reserved.