മാധ്യമവിചാരണയ്ക്ക് നിന്നുതരില്ലെന്ന് ദിലീപ്; മൊഴി നല്‍കാന്‍ ആലുവ പൊലീസ് ക്ലബ്ബില്‍

മാധ്യമവിചാരണയ്ക്ക് താന്‍ നിന്നുതരില്ലെന്ന് ദിലീപ്. നടി അക്രമിക്കപ്പെട്ട കേസ് സംബന്ധിച്ച് ആലുവ പൊലീസ് ക്ലബ്ബില്‍ മൊഴി നല്‍കാന്‍ പോകുന്നതിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോടാണ് അദ്ദേഹത്തിന്റെ പ്രതികരണം. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ സഹതടവുകാരന്‍ മുഖേന തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചുവെന്ന ദിലീപിന്റെ പരാതിയിലാണ് പൊലീസ് മൊഴിയെടുക്കുന്നത്. ചലച്ചിത്ര താരസംഘടനയായ ‘അമ്മ’ ഇന്ന് യോഗം ചേരാനിരിക്കുകയാണ്. യോഗത്തിന് മുന്‍പ് ദിലീപ് മൊഴിനല്‍കും. ദിലീപ് നല്‍കിയ പരാതിയോടൊപ്പം സുനില്‍കുമാറിന്റെ മൊഴിയിലെ കാര്യങ്ങളും പൊലീസ് ദിലീപിനോട് ചോദിച്ചറിയും.
ഭീഷണിയുടെ സ്വരമുണ്ടായിരുന്ന ടെലിഫോണ്‍ സംഭാഷണങ്ങളടക്കമുള്ള തെളിവുകളോടെ കഴിഞ്ഞ ഏപ്രില്‍ 20നാണ് പരാതി നല്‍കിയതെന്നാണ് ദിലീപ് മാധ്യമങ്ങളോട് പറഞ്ഞത്. അന്വേഷണോദ്യോഗസ്ഥരോട് കേസില്‍ തനിക്ക് പങ്കുണ്ടെന്ന് പറയാന്‍ പലരും നിര്‍ബന്ധിക്കുന്നുവെന്നും അത് ഒഴിവാക്കണമെങ്കില്‍ പണം നല്‍കണമെന്നും പള്‍സര്‍ സുനിക്ക് വേണ്ടി സഹതടവുകാരന്‍ ആവശ്യപ്പെട്ടുവെന്നാണ് ദിലീപിന്റെ പരാതി. ഷൂട്ടിംഗ് ഉള്‍പ്പെടെയുള്ള തിരക്കുകള്‍ കാരണമാണ് മൊഴി നല്‍കാന്‍ വൈകിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ ഏറെ അടുപ്പത്തോടെ ദിലീപിനെ സംബോധന ചെയ്തുകൊണ്ട് സുനില്‍കുമാര്‍ ജയിലില്‍ നിന്നെഴുതിയ കത്തും പിന്നാലെ പുറത്തെത്തിയിരുന്നു. തരാമെന്നേറ്റ പണം ഉടന്‍ വേണ്ടെന്നും അഞ്ച് മാസംകൊണ്ട് തന്നുതീര്‍ത്താല്‍ മതിയെന്നും പള്‍സര്‍ സുനിയുടേതായി പുറത്തുവന്ന കത്തില്‍ ഉണ്ടായിരുന്നു. തനിക്കുവേണ്ടി ഒരു വക്കീലിനെപ്പോലും ജയിലിലേക്ക് അയക്കാത്തത് ശരിയായില്ലെന്നും കത്തില്‍ പറഞ്ഞിരുന്നു.

© 2024 Live Kerala News. All Rights Reserved.