ഒന്നരമാസത്തിനിടെ വിഷ്ണു സുനിയെ കണ്ടത് ആറുതവണ; അഭിഭാഷകനെക്കാള്‍ കൂടുതല്‍ ജയിലിലെത്തിയത് വിഷ്ണുവെന്ന് വിവരാവകാശ രേഖകള്‍

കൊച്ചി: നടിയെ ആക്രമിച്ചകേസില്‍ നടന്‍ ദിലീപിനോട് പണം ആവശ്യപ്പെടാന്‍ പള്‍സര്‍ സുനിയെ സഹായിച്ച വിഷ്ണു ഒന്നരമാസത്തിനിടെ സുനിയെ സന്ദര്‍ശിച്ചത് ആറുതവണയെന്ന് വിവരാവകാശ രേഖകള്‍. ദിലീപിന് കത്തയക്കുന്നതിന് ഒരു ദിവസം മുന്‍പ് വരെ ഇയാള്‍ സുനിയെ കാണാന്‍ ജയിലില്‍ എത്തിയിരുന്നതായി ജയില്‍ രേഖകള്‍ വ്യക്തമാക്കുന്നു. സുനിയുടെ അഭിഭാഷകനെക്കാള്‍ കൂടുതല്‍ സഹതടവുകാരനായ വിഷ്ണുവാണ് സുനിയെ സന്ദര്‍ശിക്കാനെത്തിയത്. ഒന്നരക്കോടി രൂപയാണ് പള്‍സര്‍ സുനി ദിലീപിനോട് ആവശ്യപ്പെട്ടത്.
കാക്കനാട് ജില്ലാ ജയിലില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ പ്രകാരം മാര്‍ച്ച് 27നും മെയ് 29നും ഇടയില്‍ ആറു തവണ സുനിയെ കാണാന്‍ വിഷ്ണു ജയിലിലെത്തിയിട്ടുണ്ട്. ദിലീപിന് കത്തയച്ചതിന് ശേഷവും ഇയാള്‍ സുനിയെ സന്ദര്‍ശിച്ചിട്ടുണ്ട്.
വിഷ്ണുവിന് പുറമെ വരാപ്പുഴ പീഡനക്കേസിലെ പ്രതി മനീഷ് തോമസും സുനിയെ ജയിലില്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഇയാള്‍ ഇപ്പോള്‍ പെലീസ് കസ്റ്റഡിയിലാണ്. മനീഷ് തോമസിന്റെ കൂട്ടാളി അനില്‍ മുരളിയും സുനിയെ ബന്ധപ്പെട്ടിട്ടുണ്ട്. പതിമൂന്ന ദിവസം പള്‍സര്‍ സുനിക്ക് ജയിലില്‍ സന്ദര്‍ശകരുണ്ടായിരുന്നു.

സുനിക്ക് ജയിലില്‍ മൊബൈല്‍ ഫോണ്‍ എത്തിച്ചത് വിഷ്ണുവാണെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ദിലീപിന്റെ മാനേജരുള്‍പ്പെടെയുളളവരുമായി സുനി സംസാരിച്ചത് ഈ ഫോണില്‍ നിന്നാണ്.

© 2024 Live Kerala News. All Rights Reserved.