ആധാറിന്റെ പേരില്‍ സര്‍ക്കാര്‍ സഹായങ്ങള്‍ തടയുമെന്നത് ആശങ്ക മാത്രമെന്ന് സുപ്രീംകോടതി; ഇടക്കാല ഉത്തരവ് വേണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം തളളി

സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കുന്നതിന് നിര്‍ബന്ധമാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെയുള്ള ഹര്‍ജിയില്‍ ഇടക്കാല വിധിയില്ലെന്ന് സുപ്രീം കോടതി. ആധാര്‍ നിര്‍ബന്ധമാക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ കഴിയില്ലെന്നും കോടതി. വിവിധ സാമൂഹിക ക്ഷേമ പദ്ധതികള്‍ പ്രകാരമുള്ള സര്‍ക്കാര്‍ സഹായം ലഭിക്കണമെങ്കില്‍ ആധാര്‍ കാര്‍ഡ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു. സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ചാണ് വിധി പ്രസ്താവിക്കാന്‍ തയാറാകാതിരുന്നത്. ഫെബ്രുവരി 8നും ജൂണ്‍22നും പുറത്തിറക്കിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവുകള്‍ക്കെതിരെ മുന്‍ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാനായ ശാന്താ സിന്‍ഹ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസുമാരായ എ എം ഖാന്‍വിലാകര്‍, നവീന്‍ സിന്‍ഹ എന്നിവരാണ് വാദം കേട്ടത്.
ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നത്, സര്‍ക്കാര്‍ സഹായങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കുന്നത് തടയുമെന്ന ഹര്‍ജിക്കാരന്റെ വാദം കേവലം ആശങ്ക മാത്രമാണെന്ന് കോടതി പറഞ്ഞു. ഇക്കാര്യത്തില്‍ വിധി പ്രസ്താവിക്കാന്‍ സമയമായിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും പാന്‍ കാര്‍ഡ് എടുക്കുന്നതിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് താത്കാലികമായി സ്റ്റേ ചെയ്ത സുപ്രീം കോടതി വിധിയും ബെഞ്ച് ചൂണ്ടിക്കാട്ടി. ജൂണ്‍ 9ലെ ഈ വിധിക്ക് അപ്പുറം പ്രത്യേകിച്ച് ഒന്നും ഈ കാര്യത്തില്‍ നീരിക്കാനില്ലെന്നും കോടതി പറഞ്ഞു.
നിലവില്‍ ആധാര്‍ കാര്‍ഡില്ലാത്തവര്‍ക്ക് പദ്ധതികളുടെ ഫലം തുടര്‍ന്നും ലഭിക്കുന്നതിനായി ആധാര്‍ കാര്‍ഡ് എടുക്കുന്നതിനുള്ള സമയം ജൂണ്‍ 30ല്‍ നിന്ന് സെപ്തംബര്‍ 30വരെ നീട്ടിയിട്ടുണ്ടെന്ന് അഡീഷണല്‍ സോലിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത വാദിച്ചു. ആധാര്‍ കാര്‍ഡില്ലാത്തത് കൊണ്ട് മാത്രം ക്ഷേമ പദ്ധതികളുടെ ഫലം അനുഭവിക്കുന്നതില്‍ നിന്ന് ജനങ്ങളെ തടയാന്‍ സര്‍ക്കാരിന് അവകാശമില്ലെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്‍ വാദിച്ചു. സ്കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം കിട്ടുന്നതിനടക്കം കേന്ദ്ര ഉത്തരവ് പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം വാദിച്ചു.
ക്ഷേമ പദ്ധതികളുടെ ഫലം ആര്‍ക്കെങ്കിലും കിട്ടാതെ വന്നാല്‍ അത് കോടതിയില്‍ ചൂണ്ടിക്കാട്ടാമെന്ന് കോടതി പറഞ്ഞു. കേവലം ആശങ്കകള്‍ക്ക് പുറത്ത് വിധിയുണ്ടാവുകയില്ല. ഇക്കാര്യത്തില്‍ തന്നെ മൂന്ന് ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.

© 2024 Live Kerala News. All Rights Reserved.