തിരുവനന്തപുരം: ശമ്പള വര്‍ധന ആവശ്യപ്പെട്ട് അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സ്വാകാര്യ ആശുപത്രി നഴ്‌സുമാരുമായി ലേബര്‍ കമ്മീഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറുമായുളള ചര്‍ച്ചക്ക് ശേഷം സമരത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്ന് നഴ്‌സുമാരുടെ സംഘടനയായ യുഎന്‍എ അറിയിച്ചു.
അടിസ്ഥാന ശമ്പളം ഇരുപതിനായിരം രൂപയാക്കണമെന്ന് ആവശ്യത്തില്‍ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ഉറച്ചുനിന്നു. എന്നാല്‍ 80 മുതല്‍ 100 ശതമാനം വരെ ശമ്പള വര്‍ധന നല്‍കാനാകില്ലെന്ന് നിലപാട് മാനേജ്‌മെന്റുകള്‍ സ്വീകരിച്ചതോടെ ചര്‍ച്ച വഴിമുട്ടി.
തുടര്‍ന്ന കൂടുതല്‍ ചര്‍ച്ചകള്‍ സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ നടത്തുമെന്ന് ലേബര്‍ കമ്മീഷണര്‍ നിര്‍ദേശിച്ചു. മന്ത്രിതല ചര്‍ച്ചകള്‍ നടക്കം വരെ പണിമുടക്കി സമരം ചെയ്യില്ലെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ അറിയിച്ചു.
സര്‍ക്കാരുമായുളള ചര്‍ച്ചയിലും അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ സംസ്ഥാനതലത്തില്‍ അനിശ്ചിതകാല സമരം നടത്താനാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ തീരുമാനം. വേതനം 50 ശതമാനം വര്‍ധിപ്പിക്കണമെന്നാണ് നഴ്‌സുമാരുടെ ആവശ്യം. അടിസ്ഥാന ശമ്പളം 50 ശതമാനം കൂട്ടാനാവില്ലെന്ന് നിലപാടിലാണ് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍.
സുപ്രീംകോടതിയുടെയും സര്‍ക്കാര്‍ നിയോഗിച്ച വിവിധ കമ്മീഷനുകളുടെയും നിര്‍ദേശമുണ്ടായിട്ടും ശമ്പള വര്‍ധന നടപ്പാക്കാത്ത സ്വകാര്യ ആശുപത്രി നിലപാടിനെതിരെയാണ് നഴ്‌സുമാര്‍ സമരം പ്രഖ്യാപിച്ചത്. സുപ്രീംകോടതി മാര്‍ഗ നിര്‍ദേശമനുസരിച്ച് അടിസ്ഥാന ശമ്പളം 20000 രൂപയായി ഉയര്‍ത്തണമെന്നാണ് നഴ്‌സുമാരുടെ ആവശ്യം.