നിരാഹാരം, ആത്മാഹുതി; ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ തെലുങ്കാനാ മാതൃകയില്‍ പോരാടുമെന്ന് ഗൂര്‍ഖാലാന്‍റ് പ്രക്ഷോഭകര്‍

പ്രത്യേക ഗൂര്‍ഖാലാന്റ് സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ തെലുങ്കാനാ മാതൃകയില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന മുന്നറിയിപ്പുമായി ഗൂര്‍ഖാ ജനമുക്തി മോര്‍ച്ചാ യുവനേതാക്കള്‍. ഗൂര്‍ഖാ ലാന്‍റ് രൂപീകരണത്തിനായി മരണം വരെ നിരാഹാരമിരിക്കുമെന്നും ആത്മാഹുതി ചെയ്യുമെന്നും യുവനേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഡാര്‍ജിലിങ് മേഖലയിലായി പ്രത്യേക സംസ്ഥാന രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് തുടരുന്ന പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുകയാണ്. സംസ്ഥാനസര്‍ക്കാരിലും കേന്ദ്ര സര്‍ക്കാരിലും സമ്മര്‍ദം ചെലുത്തുന്നതിന്റെ ഭാഗമായാണ് തെലുങ്കാനാ മാതൃകയില്‍ പ്രക്ഷോഭം തുടരുമെന്ന് മുന്നറിയിപ്പ്.
തെലുങ്കാനാ സംസ്ഥാനം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് 2009ല്‍ ആരംഭിച്ച പ്രക്ഷോഭത്തില്‍ മൂന്ന് വര്‍ഷം കൊണ്ട് 15ല്‍ അധികം പേര്‍ സ്വയം തീകൊളുത്തി മരിച്ചിരുന്നു. ഒടുവില്‍ 2014ല്‍ തെലുങ്കാനാ സംസ്ഥാനം രൂപീകരിച്ചു.

‘സമാധാനപരമായി സമരം ചെയ്തിട്ടും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തങ്ങളുടെ ആവശ്യം കേള്‍ക്കുന്നില്ല. പിന്നെയുള്ള മാര്‍ഗം ഇതാണ്. മരണം വരെ നിരാഹാരമിരിക്കാനും ആത്മാഹുതി ചെയ്യാനും ഞങ്ങള്‍ നിര്‍ബന്ധിതരാവുകയാണ്.’

പ്രകാശ് ഗുരുങ്, പ്രസിഡന്റ്, ഗൂര്‍ഖാ ജനമുക്തി യുവ മോര്‍ച്ച

ഗൂര്‍ഖാ ജനമുക്തി മോര്‍ച്ചയുടെ യുവവിഭാഗമാണ് യുവ മോര്‍ച്ച. പ്രത്യേക ഗൂര്‍ഖാ സംസ്ഥാനം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് 2013ല്‍ മണാല്‍ സിങ് രജ്പുത് എന്ന പ്രക്ഷോഭകന്‍ കാലിംപോങ് നഗരത്തില്‍ തീകൊളുത്തി മരിച്ചിരുന്നു. സംസ്ഥാനത്ത് ബംഗാള്‍ ഭാഷ നിര്‍ബന്ധമാക്കി കൊണ്ടുള്ള പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഉത്തരവിനെ തുടര്‍ന്നാണ് ഡാര്‍ജലിങ്ങില്‍ വീണ്ടും പ്രക്ഷോഭം ആരംഭിച്ചത്. ജൂണ്‍ 8ന് ഗൂര്‍ഖാ ലാന്റ് അനുകൂലികളും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തിന് ശേഷം പ്രക്ഷോഭം ശക്തിപ്പെട്ടു.

© 2024 Live Kerala News. All Rights Reserved.