നേഴ്‌സുമാരുടെ വേതന വര്‍ധന; യോഗം ഇന്ന്; തീരുമാനമായില്ലെങ്കില്‍ ഇടപെടുമെന്ന് സര്‍ക്കാര്‍; നാളെ മുതല്‍ അനിശ്ചിതകാല സമരമെന്ന് നേഴ്‌സുമാരുടെ സംഘടനകള്‍

തൃശ്ശൂര്‍: നേഴ്‌സുമാരുടെ ശമ്പളപരിഷ്‌കരണത്തില്‍ തീരുമാമെടുക്കാന്‍ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കമ്മിറ്റിയോഗം ഇന്ന് തിരുവനന്ത് പുരത്ത്. ലേബര്‍ കമ്മീഷണറുടെ അദ്ധ്യക്ഷതയിലായിരിക്കും ചര്‍ച്ച. ശമ്പളവര്‍ധനയില്‍ തീരുമാനമായില്ലെങ്കില്‍ സര്‍ക്കാര്‍ ഇടപെടും.
യോഗത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ ശമ്പളം സംബന്ധിച്ച് ശുപാര്‍ശ തയ്യാറാക്കാനാണ് തൊഴില്‍ വകുപ്പ് ഒരുങ്ങുന്നത്. നിര്‍ദ്ദേശം മിനിമം വേജസ് അഡൈ്വസറി ബോര്‍ഡിന് കൊടുത്ത് ഉത്തരവാക്കി പുറത്തിറക്കും. അന്തിമ ഉത്തരവ് ഇറങ്ങാന്‍ ചുരുങ്ങിയത് മൂന്ന് മാസമെങ്കിലും വേണ്ടിവരുമെന്നാണ് കണക്കുകൂട്ടല്‍.
തീരുമാനം അനുകൂലമല്ലെങ്കില്‍ സംസ്ഥാനതലത്തില്‍ അനിശ്ചിതകാല സമരം നടത്താനാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ തീരുമാനം. വേതനം 50 ശതമാനം വര്‍ധിപ്പിക്കണമെന്നാണ് നഴ്‌സുമാരുടെ ആവശ്യം. അടിസ്ഥാന ശമ്പളം 50 ശതമാനം കൂട്ടാനാവില്ലെന്ന് നിലപാടിലാണ് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍.
തൃശ്ശൂരില്‍ സ്വകാര്യ ആശുപത്രി നേഴ്‌സുമാര്‍ നടത്തിവന്ന സമരം കഴിഞ്ഞയാഴ്ച്ച പിന്‍വലിച്ചിരുന്നു. ശമ്പളത്തിന്റെ 50 ശതമാനം ഇടക്കാല ആശ്വാസമായി നല്‍കാന്‍ ധാരണയായതോടെയാണ് സമരം പിന്‍വലിച്ചത്. അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം വര്‍ധന നല്‍കുമെന്നറിയിച്ച് എട്ട് ആശുപത്രികള്‍ കരാര്‍ ഒപ്പിട്ടിരുന്നു. ഇന്ന് നടക്കുന്ന യോഗത്തില്‍ 50 ശതമാനത്തില്‍ കുറഞ്ഞ വര്‍ധനയ്ക്ക് സാധുതയുണ്ടായേക്കില്ല. സര്‍ക്കാര്‍ 50 ശതമാനത്തില്‍ താഴെയുള്ള വേതന വര്‍ധനയെ പിന്തുണയ്ക്കില്ലെന്നാണ് സൂചനകള്‍.

© 2024 Live Kerala News. All Rights Reserved.