ആന്ധ്രയില്‍ കൊടിമരച്ചുവട്ടില്‍ പാദരസം ഒഴിക്കാറുണ്ട്’; ശബരിമലയില്‍ ചെയ്തത് വിധി പ്രകാരമല്ലെന്ന് പുരോഹിതര്‍; കൊടിമരത്തിന് മുകളില്‍ ഒഴിക്കുന്നത് ആചാരമല്ല

ഹൈദരാബാദ്: ശബരിമലയിലെ കൊടിമരത്തില്‍ മെര്‍ക്കുറി ഒഴിച്ചത് ആന്ധ്രയിലെ ആചാരപ്രകാരമല്ലെന്ന് തെലുഗു പുരോഹിതന്‍. കൊടിമരത്തിന്റെ ശക്തിയും ചൈതന്യവും വര്‍ധിപ്പിക്കാന്‍ ആന്ധ്രയില്‍ കൊടിമരചുവട്ടില്‍ പാദരസം ചേര്‍ക്കാറുണ്ട്. കൊടിമരം സ്ഥാപിക്കുന്നതിന് മുന്‍പായാണ് ഇത് ചെയ്യാറ്. ശബരിമലയില്‍ കൊടിമരത്തില്‍ മെര്‍ക്കുറി ഒഴിച്ചത് ആചാരപ്രകാരമല്ല. ഡല്‍ഹി തിരുമല തിരുപ്പതി ദേവസ്ഥാനത്തെ പുരോഹിതന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
കൊടിമര പ്രതിഷ്ഠക്ക് പാദരസം ഉപയോഗിക്കാറുണ്ട്. കൊടിമരത്തിന്റെ ശക്തിയും ചൈതന്യവും വര്‍ധിപ്പിക്കുന്നതിന് നവധാന്യങ്ങള്‍, വെള്ളി, ചെമ്പ്, നവരത്‌നങ്ങള്‍, നെയ്യ്, പാല്‍, തൈര് എന്നിവക്കൊപ്പം പാദരസവും ചേര്‍ക്കും. ഇതെല്ലാം ഉള്ളില്‍ വെച്ചാണ് കൊടിമരം സ്ഥാപിക്കുക. പക്ഷേ ശബരിമലയില്‍ ചെയ്തത് ആചാര പ്രകാരമല്ല. പ്രതിഷ്ഠ നടത്തിയ കൊടിമരത്തിന് മുകളില്‍ ഇവ ഒഴിക്കുന്നത് ആചാരങ്ങളുടെ ഭാഗമായല്ല.
ആചാരങ്ങളുടെ ഭാഗമായാണ് കൊടിമരത്തില്‍ പാദരസം ഒഴിച്ചതെന്നാണ് പിടിയിലായ ആന്ധ്ര സ്വദേശികള്‍ പൊലീസിന് നല്‍കിയ മൊഴി.
ശബരിമലയിലെ പുതിയ സ്വര്‍ണക്കൊടിമരത്തില്‍ പാദരസം എന്ന ദ്രാവകം ഒഴിച്ചതായി പൊലീസ് പിടികൂടിയ വിജയവാഡ സ്വദേശികള്‍ പറഞ്ഞിരുന്നു. നവധാന്യങ്ങളും ഇതോടൊപ്പം കൊടിമരത്തില്‍ അര്‍പ്പിച്ചതായും വിശ്വാസത്തിന്റെ ഭാഗമായിട്ടാണ് ഇതെന്നും ഇവര്‍ പൊലീസിന് മൊഴി നല്‍കി. അതേസമയം പൊലീസ് ഇവരുടെ മൊഴി വിശ്വാസത്തിലെടുത്തിട്ടില്ല. പിടിയിലായവരുടെ വിശദവിവരങ്ങള്‍ക്കായി ആന്ധ്രാപൊലീസുമായി ബന്ധപ്പെടുമെന്ന് കേരള പൊലീസ് അറിയിച്ചിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.