‘പരാതിക്കാരനും ജഡ്ജിയും ഒരാളാകുമ്പോള്‍ നീതി നടപ്പാകുമോ’; മാധ്യമപ്രവര്‍ത്തകരെ ശിക്ഷിച്ച കര്‍ണാടക നിയമസഭക്കെതിരെ എഡിറ്റര്‍മാര്‍

ബംഗളുരു: രണ്ട് വര്‍ഷം മുന്‍പ് എംഎല്‍എമാര്‍ക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയതിന് രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് ശിക്ഷയും പിഴയും വിധിച്ച കര്‍ണാടക നിയമസഭയുടെ നടപടിക്കെതിരെ പ്രതിഷേധവുമായി എഡിറ്റര്‍മാരുടെ അസോസിയേഷന്‍. അധികാര ദുരുപയോഗമാണ് കര്‍ണാടക നിയമസഭാ സ്പീക്കറുടെ നടപടിയെന്നാണ് എഡിറ്റര്‍മാരുടെ വിമര്‍ശനം. അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പു തരുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് നടന്നതെന്നും അസോസിയേഷന്‍ കുറ്റപ്പെടുത്തുന്നു.
കോണ്‍ഗ്രസ് എംഎല്‍എമാരായ കെ.ബി.കൊളീവാഡും ബി.എം.നാഗരാജുമാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കിയത്. 2014 ല്‍ പരാതി നല്‍കിയ കോളിവാദ് ആണ് ഇപ്പോള്‍ നിയമസഭാ സ്പീക്കര്‍. പരാതിക്കാരനും ജഡ്ജിയും ഒരാള്‍ തന്നെയായ കേസില്‍ നീതിപൂര്‍വ്വമായ അന്വേഷണം നടന്നിട്ടില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ കുറ്റപെടുത്തി.
കര്‍ണാടക നിയമസഭയുടെ നടപടിക്കെതിരെ ആംനെസ്റ്റി ഇന്റര്‍നാഷണലും രംഗത്തെത്തിയിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ അവകാശമുണ്ടെന്നും, അപമാനിക്കപ്പെട്ടതായി വ്യക്തികള്‍ക്ക് തോന്നുന്നുവെങ്കില്‍ അവര്‍ക്ക് കോടതിയില്‍ മാനനഷ്ടക്കേസ് കൊടുക്കാമെന്നും ആംനെസ്റ്റി അറിയിച്ചു.

ഹായ് ബാംഗ്ലുര്‍ എഡിറ്റര്‍ രവി ബോലഗെരെ, യെലഹങ്ക വോയ്‌സ് എഡിറ്റര്‍ അനില്‍ രാജ് എന്നിവര്‍ക്കെതിരെയാണ് കര്‍ണാടക നിയമസഭ നടപടി സ്വീകരിച്ചത്. ഒരു വര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് നിയമസഭ മാധ്യമപ്രവര്‍ത്തകര്‍ക്ക് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം അധികം തടവ് അനുഭവിക്കേണ്ടി വരും.
അപകീര്‍ത്തിപരമായ വാര്‍ത്ത നല്‍കിയെന്ന എംഎല്‍എമാരുടെ പരാതിയില്‍ അസംബ്ലി ചുമതലപ്പെടുത്തിയ പ്രവിലേജ് കമ്മിറ്റിയുടെ നിര്‍ദേശം കര്‍ണാടക നിയമസഭ ശരിവെക്കുകയായിരുന്നു. ലേഖനങ്ങളിലൂടെ സാമാജികരുടെ പ്രത്യേകാവകാശം ലംഘിച്ചതായി പ്രിവിലേജ് കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കര്‍ണാടക നിയമസഭാ സ്പീക്കര്‍ കെബി കോളിവാദ് ആണ് ശിക്ഷ വിധിച്ചത്. 2014 സെപ്തംബറില്‍ ഇവര്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെ എംഎല്‍എമാരെ അപകീര്‍ത്തിപെടുത്തി എന്നാണ് സമിതിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയത്.

© 2024 Live Kerala News. All Rights Reserved.