ചരിത്രത്തിലാദ്യമായി ഉഡുപ്പി ശ്രീ കൃഷ്ണ ക്ഷേത്രത്തില്‍ ഇഫ്താര്‍ സംഗമം; നേതൃത്വം നല്‍കി പേജാവര്‍ മഠത്തിലെ വിശ്വേശരയ്യ തീര്‍ത്ഥ സ്വാമി

ചരിത്രത്തിലാദ്യമായി പ്രസിദ്ധമായ ഉഡുപ്പി ശ്രീ കൃഷ്ണ ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ശനിയാഴ്ച വൈകീട്ടാണ് ഇഫ്താര്‍ സംഘടടിപ്പിച്ചത്. ക്ഷേത്രത്തിന്റെ അന്നബ്രഹ്മ ഭക്ഷണ ശാലയിലാണ് ഇഫ്താര്‍ സംഘടിപ്പിച്ചത്.150ലധികം പേരാണ് ഇഫ്താറില്‍ പങ്കെടുത്തത്.
പര്യായ പേജാവര്‍ മഠത്തിലെ പര്യായ വിശ്വേശരയ്യ തീര്‍ത്ഥ സ്വാമിയാണ് ഇഫ്താറിന് നേതൃത്വം നല്‍കിയത്. മുസ്ലിം സുമദായത്തില്‍ നിന്ന് നിരവധി പേര്‍ പങ്കെടുത്ത ഇഫ്താര്‍ ശനിയാഴ്ച വൈകീട്ട് 6.59നാണ് ആരംഭിച്ചത്. നേന്ത്രപ്പഴം, തണ്ണിമത്തന്‍, ആപ്പിള്‍, ഈന്തപ്പഴം, കശുവണ്ടി പരിപ്പും കുരുമുളക് കൊണ്ടുണ്ടാക്കിയ പ്രത്യേക പാനീയവും ചടങ്ങിനുണ്ടായിരുന്നു.

വിശ്വേശരയ്യ തീര്‍ത്ഥ സ്വാമി നോമ്പെടുത്തവര്‍ക്ക് ഈന്തപ്പഴം നല്‍കി നോമ്പ് തുറന്നതോടെയാണ് ഇഫ്താര്‍ ആരംഭിച്ചത്. അന്‍ജുമാന്‍ പള്ളിയിലെ ഖത്തീബും കര്‍ണാടക ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ എംഎ ഗഫൂര്‍, ശ്രീ ശ്രീ വിശ്വപ്രസന്ന തീര്‍ത്ഥ, റഹീം ഉച്ഛില്‍, അന്‍സാര്‍ അഹമ്മദ്, കോണ്‍ഗ്രസ് നേതാവ് ആബിദ് അലി എന്നീ പ്രമുഖര്‍ ഇഫ്താറില്‍ പങ്കെടുത്തു.

ക്ഷേത്രത്തില്‍ ഇഫ്താര്‍ കൂട്ടായ്മയും നമസ്‌ക്കാരവും നടന്നത് ചരിത്രപരമായ തീരുമാനമായും പേജാവര്‍ മഠത്തിന്റെ മതസൗഹാര്‍ദ്ദത്തെയുമാണ് കാണിക്കുന്നതെന്ന് എംഎ ഗഫൂര്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.