ബിജെപി നേതാക്കളുടെ കള്ളനോട്ടടി കേസ്: അന്വേഷണം ക്രൈംബ്രാഞ്ചിന്

തൃശൂര്‍: മതിലകം കള്ളനോട്ടടി കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുന്നു. സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന സംശയത്തെ തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനിച്ചത്. സംഭവത്തില്‍ ഉന്നതര്‍ ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കും. കള്ളനോട്ടുകള്‍ ഉപയോഗിച്ച് ലോട്ടറി ടിക്കറ്റുകള്‍ മൊത്തമായി വാങ്ങിയതായും സൂചനയുണ്ട്.
നോട്ടടിക്കാന്‍ ഉപയോഗിച്ച പ്രിന്റര്‍ ഫോറന്‍സിക് പരിശോധനക്ക് അയക്കും. കേസിലെ രണ്ടാം പ്രതി രാജീവ് ഇന്നലെ പൊലീസ് പിടിയിലായിരുന്നു. മണ്ണുത്തിയിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ബിജെപി കയ്പമംഗല നിയോജക മണ്ഡലം ഒബിസി മോര്‍ച്ച സെക്രട്ടറിയാണ് രാജീവ്. പ്രിന്റര്‍ ഇയാളാണ് വാങ്ങിയതെന്ന് വ്യക്തമായിട്ടുണ്ട്. ഇയാളുടെ സഹോദരനും കേസിലെ ഒന്നാം പ്രതിയുമായ രാഗേഷിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. യുവമോര്‍ച്ചാ പ്രവര്‍ത്തകനാണ് ഇയാള്‍.

മതിലകത്തുള്ള ഇവരുടെ വീട്ടില്‍ നിന്ന് കളളനോട്ടുകള്‍ അടിക്കാനുളള യന്ത്രവും കളളനോട്ടുകളും പൊലീസ് പിടിച്ചെടുത്തിരുന്നു. ഒന്നരലക്ഷം രൂപയുടെ കളളനോട്ടുകളാണ് ഇവിടെ നിന്നും കണ്ടെത്തിയത്. അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും പുതിയ നോട്ടുകളാണ് കണ്ടെടുത്തത്.
രാകേഷ് പലിശക്ക് പണം നല്‍കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. നോട്ട് അടിക്കാനായി ഉപയോഗിക്കുന്ന കളര്‍ഫോട്ടോസ്റ്റാറ്റ് മെഷീനും കടലാസുമെല്ലാം കണ്ടെത്തിയിട്ടുണ്ട്

© 2024 Live Kerala News. All Rights Reserved.