‘ഭൂസ്വത്ത് കെെക്കലാക്കാന്‍ സഹോദരന്‍ വില്ലേജ് അധികൃതരുമായി ഒത്തുകളിച്ചു’; ആത്മഹത്യ ചെയ്ത കര്‍ഷകന്‍റെ കുറിപ്പില്‍ സഹോദരനെതിരെ പരാമര്‍ശം

കോഴിക്കോട്: ചെമ്പനോടെയില്‍ വില്ലേജ് ഓഫീസില്‍ തൂങ്ങി മരിച്ച കര്‍ഷകന്‍ ജോയിയുടെ ആത്മഹത്യക്കുറിപ്പില്‍ സഹോദരനെക്കുറിച്ച് പരാമര്‍ശം. ഭൂസ്വത്ത് കൈക്കലാക്കാന്‍ സഹോദരനും വില്ലേജ് അധികൃതരും ചേര്‍ന്ന് ഒത്ത് കളിച്ചു എന്നാണ് കത്തില്‍ പരാമര്‍ശം. ജോയിയുടെ സഹോദരന്‍ ജിമ്മിയെക്കുറിച്ചാണ് കത്തിലെ പരാമര്‍ശമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വില്ലേജ് അസിസ്റ്റന്‍ഡ് സിലീഷിനെ പ്രതിക്കൂട്ടിലാക്കി ജോയ് എഴുതിയ ആത്മഹത്യക്കുറിപ്പിലാണ് സഹോദരനെതിരെയും ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ജോയിയുടെ പേരിലുള്ള സ്ഥലത്തിന്റെ നികുതി മറ്റൊരാള്‍ അടയ്ക്കുന്നുണ്ടെന്നും ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പല തവണ വില്ലേജില്‍ ചോദിച്ചിട്ടും മറുപടി ലഭിച്ചില്ലെന്നും ആത്മഹത്യക്കുറിപ്പില്‍ ജോയി പറയുന്നു. സ്ഥലത്തിന്റെ കരം അടക്കാന്‍ അനുവദിക്കാത്ത പക്ഷം ആത്മഹത്യ ചെയ്യുമെന്ന ഭീഷണി കത്ത് വില്ലേജില്‍ കൊടുത്തിരുന്നെങ്കിലുലം കത്ത് മുഖവിലയ്‌ക്കെടുത്തില്ലെന്നും കുറിപ്പില്‍ പറയുന്നു.

ജോയ് സഞ്ചരിച്ചിരുന്ന ബൈക്കിന്റെ ഹാന്റിലിനു സമീപമാണ് കത്ത് കണ്ടെത്തിയത്. ഇന്നലെ ആത്മഹത്യകുറിപ്പിന്റെ അടിസ്ഥാനത്തില്‍ ആത്മഹത്യ പ്രേരണ കുറ്റം സിലീഷിനെതിരെ ചുമത്തിയിരുന്നു.

© 2024 Live Kerala News. All Rights Reserved.