ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കരം സ്വീകരിച്ചു; രേഖകള്‍ തിരുത്തിയെന്ന് ബന്ധുക്കള്‍; വില്ലേജ് ഓഫീസിനുമുന്നില്‍ പ്രതിഷേധം

കോഴിക്കോട്: വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥര്‍ ഭൂനികുതി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കര്‍ഷന്‍ ജോയിയുടെ കരം സ്വീകരിച്ചു.
ചെമ്പനോട് വില്ലേജ് ഓഫീസില്‍ ജോയിയുടെ ബന്ധുക്കളെത്തിയാണ് കരം അടച്ചത്. രേഖകള്‍ പരിശോധിച്ച ബന്ധുക്കള്‍ രേഖകളില്‍ തിരുത്തലുകളുണ്ടെന്ന് കണ്ടെത്തി. രേഖകളുടെ പകര്‍പ്പ് വേണമെന്നാവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും വില്ലേജ് ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു.
രാവിലെ വില്ലേജ് ഓഫീസ് തുറന്നപ്പോള്‍ തന്നെ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാരെത്തിയിരുന്നു. പൊലീസെത്തി പ്രതിഷേധക്കാരെ ശാന്തമാക്കിയ ശേഷമാണ് ഓഫീസ് തുറന്നുപ്രവര്‍ത്തിച്ചത്.

കര്‍ഷകന്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച്ച പറ്റിയതായി ജില്ലാകളക്ടര്‍ പ്രാഥമിക റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥര്‍ നടപടിക്രമങ്ങളില്‍ അനാവശ്യമായ കാലതാമസം വരുത്തി. സംഭവത്തില്‍ വില്ലേജ് ഓഫീസര്‍ക്കും വില്ലേജ് അസിസ്റ്റന്റിനും തുല്യ ഉത്തരവാദിത്തമുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി. വില്ലേജ് ഓഫീസറേയും അസിസ്റ്റന്റിനേയും അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. വിശദമായ അന്വേഷണത്തിനായി ഡെപ്യൂട്ടി കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രണ്ടാഴ്ച്ചയ്ക്കകം അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും.

© 2023 Live Kerala News. All Rights Reserved.