അക്രമിക്കപ്പെട്ട നടിയുടെ മൊഴി വീണ്ടുമെടുത്തു; പള്‍സര്‍ സുനി സഹതടവുകാരോട് നടത്തിയ വെളിപ്പെടുത്തലിന്റെ നിജസ്ഥിതി അന്വേഷിക്കുന്നു

നടിയെ തട്ടിക്കൊണ്ടുപോയി അക്രമിച്ച സംഭവത്തില്‍ പൊലീസ് വീണ്ടും നടിയുടെ മൊഴിയെടുത്തു. കാക്കനാട് ജില്ലാജയിലില്‍ കഴിയുന്ന കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി സഹതടവുകാരോട് അക്രമത്തെക്കുറിച്ച് നിര്‍ണായകമായ ചില വിവരങ്ങള്‍ പറഞ്ഞതായി പൊലീസിന് സൂചന ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് നടിയുടെ മൊഴി വീണ്ടുമെടുക്കാന്‍ തീരുമാനിച്ചത്. എഡിജിപി ബി.സന്ധ്യയാണ് മൊഴി രേഖപ്പെടുത്തത്.
കാക്കനാട് ജില്ലാജയിലിലെ സഹതടവുകാരോട് സുനി അക്രമത്തെക്കുറിച്ചും തനിക്ക് നിര്‍ദേശങ്ങള്‍ നല്‍കിയവരെക്കുറിച്ചും അന്വേഷണോദ്യോഗസ്ഥരോട് വെളിപ്പെടുത്താത്ത ചില വിവരങ്ങള്‍ പങ്കുവെച്ചതായാണ് വിവരം. ഈ വിവരങ്ങള്‍ അറിയാന്‍ മുന്‍പ് സുനിക്കൊപ്പം ജയില്‍മുറിയില്‍ കഴിഞ്ഞ ചാലക്കുടി സ്വദേശി ജിന്‍സണാണിന്റെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. അന്വേഷണസംഘത്തിന്റെ ഹര്‍ജിയിലായിരുന്നു ഇത്. ആലുവ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കണമെന്നാണ് ഉത്തരവ്.

നെടുമ്പാശ്ശേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത തട്ടിപ്പുകേസില്‍ പ്രതിയായിരുന്നു ജിന്‍സണ്‍. കാക്കനാട് ജില്ലാജയിലില്‍ ജിന്‍സണെ റിമാന്റ് ചെയ്തിരുന്ന ജയില്‍മുറിയില്‍ത്തന്നെയാണ് നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെയും പാര്‍പ്പിച്ചിരുന്നത്. സുനി സഹതടവുകാരോട് വെളിപ്പെടുത്തിയ വിവരങ്ങള്‍ മുന്‍നിര്‍ത്തി കേസ് അന്വേഷണത്തിന് പുതിയ ദിശ നല്‍കാനുള്ള ശ്രമത്തിലാണ് പൊലീസ്.

© 2023 Live Kerala News. All Rights Reserved.