സംസ്ഥാനത്ത് വീണ്ടും പനി മരണം; പട്ടാമ്പി ഓങ്ങല്ലൂരില്‍ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

സംസ്ഥാനത്ത് പനി മരണം വീണ്ടും. പകര്‍ച്ചപനി ബാധിച്ച് ഒമ്പത് മാസം പ്രായമായ കുഞ്ഞ് മരിച്ചു. പട്ടാമ്പി ഓങ്ങല്ലൂര്‍ പാറപ്പുറം സ്വദേശി താഹിര്‍ മൗലവിയുടെ മകനാണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ ഇവിടെ ഈമാസം പനി ബാധിച്ച് മരിക്കുന്നവരുടെ എണ്ണം നാലായി. ആശുപത്രികളില്‍ ആവശ്യത്തിന് ജീനനക്കാരില്ലാത്തത് പനി ബാധിച്ച് ആശുപത്രിയിലെത്തുന്ന രോഗികളെ വലക്കുന്നുണ്ട്. ഇത് പനി പ്രതിരോധ പ്രവര്‍ത്തനങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്.
പകര്‍ച്ചപനി പ്രതിരോധിക്കാന്‍ മുഖ്യമന്ത്രി നാളെ സര്‍വ്വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ ശുചീകരണത്തില്‍ വരുത്തിയ വീഴ്ചയാണ് പകര്‍ച്ച വ്യാധികള്‍ പെരുകാന്‍ കാരണമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ കുറ്റപ്പെടുത്തി. 27,28,29 തീയതികളില്‍ സംസ്ഥാനത്താകെ സംയുക്ത ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പനി ബാധിത പ്രദേശങ്ങളെ തീവ്രതയ്ക്ക് അനുസരിച്ച മൂന്ന് മേഖലകളാക്കി തിരിച്ചാണ് പ്രത്യേക പ്രതിരോധ പ്രവര്‍ത്തനവും ബോധവത്കരണവും നടത്തുക. പനി പ്രതിരോധ മേഖലകളെ ഹൈ റിസ്‌ക് , മോഡേറ്റ് റിസ്‌ക്, ലോ റിസ്‌ക് എന്നിങ്ങനെ തിരിക്കും. ജനങ്ങളെ ബോധവതക്രിക്കുന്നതിന് ഏറ്റവും ശ്രദ്ധേയമായ നടപടികള്‍ സ്വീകരിക്കണം. സ്‌കൂളുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങി ജനങ്ങളും പ്രവര്‍ത്തനങ്ങല്‍ നടക്കുന്ന എല്ലായിടത്തും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവെന്ന് ഉറപ്പു വരുത്തണമെന്നും അതിനുവേണ്ടി അതാത് സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരും അണിചേരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.