മെട്രോയിലെ ഉമ്മന്‍ചാണ്ടിയുടെ യാത്രക്ക് ഖേദം പ്രകടിപ്പിച്ച് ചെന്നിത്തല; പ്രവര്‍ത്തകരുടെ വികാരമാണ് കണ്ടത്, പൊതുമുതല്‍ നശിപ്പിച്ചതിന് കേസെടുക്കണമെന്ന് സിപിഐഎം

കൊച്ചി: ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയെ മെട്രോയാത്രയില്‍ ആര്‍ക്കെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രവര്‍ത്തകരുടെ വികാരമാണ് കണ്ടത്. ജനകീയ മെട്രോയാത്രയെന്ന പേരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മെട്രോയാത്ര ചട്ടങ്ങള്‍ ലംഘിച്ചാണ് നടത്തിയതെന്ന് വ്യാപക വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് ഖേദപ്രകടനവുമായി രമേശ് ചെന്നിത്തല രംഗത്തെത്തിയത്.
പൊതുമുതല്‍ നശിപ്പിച്ചും ജനങ്ങളെ ബുദ്ദിമുട്ടിച്ചും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ അതിക്രമങ്ങള്‍ക്കെതിരെ കേസെടുക്കണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു. സിപിഐഎം ആലുവ ഏരിയ സെക്രട്ടറി വി സലീം കെഎംആര്‍എല്‍ എംഡിക്ക് ആലുവ നല്‍കി.
മെട്രോ നിര്‍മാണം പൂര്‍ത്തിയാക്കിയത് കഴിഞ്ഞ യുഡിഎഫ് സർക്കാരാണെന്ന് അവകാശപ്പെട്ടും മെട്രോ ഉദ്ഘാടന ചടങ്ങില്‍ നേതാക്കളെ അവഗണിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ഇന്നലെ യുഡിഎഫ് സംഘം മെട്രോ യാത്ര നടത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംഎല്‍എമാരായ വികെ ഇബ്രാഹിം കുഞ്ഞ്, അനൂപ് ജേക്കബ്, അന്‍വര്‍ സാദത്ത്, പിടി തോമസ്, ഹൈബി ഈഡന്‍, മേയര്‍ സൌമിനി ജെയ്ന്‍, കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ എന്നിവരും ഉമ്മന്‍ചാണ്ടിക്കൊപ്പം ഉണ്ടായിരുന്നു.
മെട്രോ ജനങ്ങൾക്കായി തുറന്നുകൊടുത്തതിന്റെ രണ്ടാം ദിവസമാണ് എല്ലാ ചട്ടങ്ങളും ലംഘിച്ച് സുരക്ഷാ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കി യുഡിഎഫ് ജനകീയ മെട്രോ യാത്ര നടത്തിയത്. ആയിരം രൂപ മുതല്‍ ആറ് മാസം തടവ് ശിക്ഷ വരെ ലഭിക്കാന്‍ സാധ്യതയുള്ള ചട്ടലംഘനമാണ് യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും നടത്തിയതെന്ന് മെട്രോ അധികൃതര്‍ തന്നെ പറയുന്നു.
നേതാക്കളുടെ സാന്നിധ്യത്തിൽ ആലുവ മെട്രോ സ്റ്റേഷനിനകത്ത് എത്തിയ പ്രവര്‍ത്തകര്‍ എല്ലാ ചട്ടങ്ങളും ലംഘിച്ചു. നേതാക്കളടക്കം ഇരുന്നൂറോളം പേർക്ക് മാത്രമാണ് നേരത്തെ ടിക്കറ്റ് എടുത്തിരുന്നത്. എന്നാൽ അണികളുടെ തള്ളിക്കയറ്റം മൂലം ടിക്കറ്റ് പരിശോധനാഗേറ്റുകൾ തുറന്നിടേണ്ടതായി വന്നു. പ്രവർത്തകര്‍ തള്ളിക്കയറിയത് മൂലം ഉമ്മൻചാണ്ടിക്ക് ആദ്യ ട്രെയിനിൽ കയറാനായില്ല. രമേശ് ചെന്നിത്തല ആദ്യ ട്രെയിനില്‍ കയറി പോവുകയും ചെയ്തു. പിന്നീട് വന്ന ട്രെയിനിലാണ് ഉമ്മൻചാണ്ടി കയറിയത്. യാത്ര കഴിഞ്ഞ് പ്രവര്‍ത്തകര്‍ തിങ്ങിക്കയറിയതോടെ പാലാരിവട്ടം സ്റ്റേഷനിലെ എസ്കലേറ്റർ തകരാറിലായി
മെട്രോ ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് സംഘം യാത്ര നടത്തിയത് എന്ന് ചൂണ്ടിക്കാട്ടി മെട്രോ അധികൃതര്‍ യാത്രയുടെ സംഘാടകരോട് വിശദീകരണം ചോദിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മെട്രോയുടെ നയങ്ങള്‍ക്ക് വിരുദ്ധമായാണ് പ്രവര്‍ത്തകര്‍ പെരുമാറിയതെന്ന് അധികൃതര്‍ പറയുന്നു. സ്റ്റേഷനിലെയും ട്രെയിനിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമായിരിക്കും നടപതി സ്വീകരിക്കുക. പ്രകടനം നടത്തിയതും മുദ്രാവാക്യം വിളിച്ചതും എല്ലാം ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. മെട്രോ നയമനുസരിച്ച് ആയിരം രൂപ വരെ പിഴയും ആറ് മാശം വരെ തടവ് ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണിത്. മറ്റ് യാത്രക്കാര്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുണ്ടാക്കിയാല്‍ 500 രൂപയാണ് പിഴ. ഇക്കാര്യവും അധികൃതര്‍ പരിഗണിക്കുന്നുണ്ട്. സാധാരണഗതിയിലുള്ള പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നത് ശിക്ഷാഹര്‍മായ ചെയ്തിയായാണ് വിലയിരുത്തുന്നത്

© 2023 Live Kerala News. All Rights Reserved.