ഐഒസിയെ ന്യായീകരിക്കാന്‍ അരമണിക്കൂര്‍; യതീഷ് ചന്ദ്രക്കെതിരെയുളള നടപടിയെക്കുറിച്ച് ചോദിച്ചപ്പോള്‍ സമയമില്ല; പിണറായി വിജയന്‍ ആരോടൊപ്പമാണ്?

പുതുവൈപ്പിനിലെ സമരവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനെ ന്യായീകരിച്ചും ഡിസിപി യതീഷ് ചന്ദ്രക്കെതിരെയുളള ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെയും മുഖ്യന്ത്രിയുടെ വാര്‍ത്താസമ്മേളനം. ഇന്ന് നടന്ന രണ്ടാമത്തെ വാര്‍ത്താസമ്മേളനത്തിലാണ് പ്രതിഷേധക്കാരെ ക്രൂരമായി നേരിട്ട ഡിസിപി യതീഷ് ചന്ദ്രക്കെതിരെയുളള നടപടികള്‍ ചോദിച്ചപ്പോള്‍ അദ്ദേഹം ഒഴിഞ്ഞുമാറിയത്. രാവിലെ മാധ്യമങ്ങളെ കണ്ടപ്പോള്‍ പുതുവൈപ്പിനിലെ സമരസമിതിയുമായിട്ടുളള ചര്‍ച്ചയ്ക്ക് ശേഷം എല്ലാം പറയാമെന്നായിരുന്നു മുഖ്യമന്ത്രി അറിയിച്ചത്.
പുതുവൈപ്പിനിലെ പൊലീസ് നടപടിക്കെതിരെ രാവിലെ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ സമരക്കാരുടെ പ്രതിനിധികളുമായി യോഗം വിളിച്ചിട്ടുണ്ട്, അതിനാല്‍ ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഒരു കമന്റിലേക്ക് കടക്കുന്നത് അഭംഗിയാണെന്നായിരുന്നു മറുപടി. തുടര്‍ന്ന് നടത്തിയ യോഗത്തിന് ശേഷം ആദ്യം സിപിഐഎം നേതാക്കളായ വൈപ്പിന്‍ എംഎല്‍എ എസ് ശര്‍മ്മയും എറണാകുളം ജില്ലാ സെക്രട്ടറിയും മാധ്യമങ്ങളെ കണ്ടു. തുടര്‍ന്ന് സമരസമിതിയുടെ നേതാക്കളും മാധ്യമങ്ങളോട് നിലപാട് വിശദീകരിച്ചു.
പിന്നീടായിരുന്നു മുഖ്യമന്ത്രിയുടെ ഇന്നത്തെ രണ്ടാമത്തെ വാര്‍ത്താസമ്മേളനം അരങ്ങേറിയത്. എഴുതി തയ്യാറാക്കി കൊണ്ടുവന്ന കുറിപ്പ് നോക്കിയായിരുന്നു മുഖ്യമന്ത്രി പുതുവൈപ്പിനിലെ സംഭരണശാലയ്ക്കായി ഐഒസി സ്വീകരിച്ചിരിക്കുന്ന സുരക്ഷാക്രമീകരണങ്ങള്‍ വ്യക്തമാക്കിയത്. സുനാമിയും ബോംബ് സ്‌ഫോടനവും അടക്കമുളളവയെ ചെറുക്കാന്‍ കഴിയുന്ന പാചകവാതക സംഭരണശാലകളാണ് സ്ഥാപിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഐഒസിക്ക് അനുകൂലമായിട്ടുളള കോടതിവിധികള്‍ അടക്കം മുഖ്യമന്ത്രി തയ്യാറാക്കി കൊണ്ടുവന്ന കുറിപ്പ് നോക്കി വായിക്കുകയും ചെയ്തു.
വാര്‍ത്താസമ്മേളനം തീര്‍ന്നയുടന്‍ പൊലീസിനെതിരെയുളള നടപടി വേണമെന്നുളള ആവശ്യങ്ങള്‍ ചര്‍ച്ചയില്‍ ഉന്നയിച്ചിരുന്നോ എന്നും നടപടി സ്വീകരിക്കുമോ എന്നുമുളള ചോദ്യത്തിന് അവര്‍ ചര്‍ച്ചയില്‍ ഒരുപാട് കാര്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ആ ഉന്നയിച്ച പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി എടുക്കും. പരിശോധിക്കാമെന്നാണ് അവരോട് പറഞ്ഞിട്ടുളളതെന്നും മുഖ്യമന്ത്രി വിശദമാക്കി.
ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവര്‍ ഡിസിപിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടല്ലോ എന്ന് മറ്റൊരു മാധ്യമപ്രവര്‍ത്തകന്‍ പിണറായിയോട് ചോദിച്ചു.അല്ല, ഞാന്‍ ഇപ്പോള്‍ നിങ്ങളോട് പറയുന്നത് രാവിലത്തെ ചര്‍ച്ചയുടെ വിവരങ്ങളാണ്. അത് നിങ്ങളെ രാവിലെ കണ്ടപ്പോള്‍ പറഞ്ഞല്ലോ, മൂന്നുമണിക്കുളള ഒരു പരിപാടി മാറ്റിവെച്ചാണ് ഞാന്‍ നിങ്ങളെ കാണുന്നത്. അതുകൊണ്ട് ആ പരിപാടിക്ക് തനിക്ക് പോകേണ്ടത് കൊണ്ട് മറ്റ് കാര്യങ്ങള്‍ക്കൊന്നും സമയം ചെലവിടാന്‍ തനിക്ക് നേരമില്ല. നമുക്ക് പിന്നെയും കാണാമല്ലോ എന്ന് പറഞ്ഞ് വാര്‍ത്താസമ്മേളനം അവസാനിപ്പിച്ച് മുഖ്യമന്ത്രി മടങ്ങുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.